വാതിൽപ്പടി സേവനം ജനപങ്കാളിത്തത്തോടെ കൂടുതൽ ഊർജ്ജിതമാക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

Share

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാതിൽപ്പടി സേവനം കൂടുതൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും സ്വന്തം നിലയിൽ പദ്ധതി വിപുലപ്പെടുത്തുകയും ഊർജ്ജസ്വലമാക്കുകയും വേണം. അതിനായി പ്രോജക്ട് തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുപോകണം. പദ്ധതി നടത്തിപ്പിന് ആവശ്യമായ ബയോമെട്രിക് ഉപകരണങ്ങൾക്കും ലാപ്ടോപ്പിനും യാത്രാ ചെലവുകൾക്കുമായി ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് രണ്ട് ലക്ഷം രൂപയും കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷം രൂപയും തനത് ഫണ്ടിൽ നിന്നോ, വികസന ഫണ്ടിൽ നിന്നോ വിനിയോഗിക്കാം. ഇതോടൊപ്പം വ്യക്തികളിൽ നിന്നുള്ള സംഭാവനകളും സി എസ് ആർ ഫണ്ടുകളും സ്‌പോൺസർഷിപ്പും സ്വീകരിച്ച് പ്രത്യേക അക്കൗണ്ട് വഴി ചെലവ് ചെയ്യാം. ഇതിന് പുറമെ കലാ, കായിക, വിനോദ, സാംസ്‌കാരിക, വാണിജ്യ മേളകൾ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി സംഘടിപ്പിച്ചും ധനസമാഹരണം നടത്താമെന്ന് മന്ത്രി വ്യക്തമാക്കി.


മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷ, സി.എം.ഡി.ആർ.എഫിലെ സഹായത്തിനുള്ള അപേക്ഷ, ജീവൻ രക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടമെന്ന നിലയിൽ വാതിൽ പടി സേവനമായി ലഭ്യമാക്കുന്നത്. ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ധനം വിനിയോഗിക്കാം. അതോടൊപ്പം വീട്ടിൽ ചെന്ന് മസ്റ്ററിംഗ് നടത്തുന്നതിന് 30 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ വീട്ടിലെത്തി ഓൺലൈനായി നൽകി പ്രിന്റ് നൽകുന്നതിന് 20 രൂപയും ഉദ്യോഗസ്ഥനെ വീട്ടിലെത്തിച്ച് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30 രൂപയും സാമൂഹ്യ സുരക്ഷാപെൻഷൻ ഓൺലൈനായി അപേക്ഷ നൽകി പ്രിന്റെടുത്ത് നൽകുന്നതിന് 50 രൂപയും വളണ്ടിയർമാർക്ക് നൽകും. സേവന കേന്ദ്രത്തിൽ നിന്നും ഗുണഭോക്താക്കളുടെ വീടുകളിലേക്ക് പോകുന്നതിന് കിലോമീറ്ററിന് അഞ്ചുരൂപ നിരക്കിൽ ഇന്ധന ചിലവും നൽകുമെന്ന് മന്ത്രി പറഞ്ഞു.


തദ്ദേശ സ്ഥാപനങ്ങൾ അധ്യക്ഷന്റേയും കോ- ഓർഡിനേറ്ററുടെയും പേരിൽ സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിച്ച് സംഭാവനകളും മറ്റും സ്വീകരിക്കണം. ഈ തുക പ്രത്യേക ഫണ്ടായി സൂക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു. അക്കൗണ്ടിന്റെ വിശദാംശങ്ങളും വാതിൽപ്പടി സേവനത്തിന്റെ വിശദാംശങ്ങളും സോഷ്യൽമീഡിയ വഴിയും മറ്റും ജനങ്ങളിലെത്തിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *