വളപട്ടണത്ത് പോരാട്ടം കോൺഗ്രസും ലീഗും തമ്മിൽ

Share

കണ്ണൂർ:യു ഡി എഫിന്റെ ശക്തികേന്ദ്രമായ വളപട്ടണം ഗ്രാമ പഞ്ചായത്തില്‍ പരസ്പരം ഏറ്റുമുട്ടാൻ  മുസ്ലിം ലീഗും കോണ്‍ഗ്രസും പ്രചാരണം തുടങ്ങി.

സമവായത്തിന് ഇരു പാര്‍ട്ടിയുടേയും ജില്ലാ, സംസ്ഥാന നേതാക്കള്‍ പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 13 അംഗ പഞ്ചായത്തില്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഇരു പാര്‍ട്ടിയുടേയും പ്രാദേശിക നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ലീഗിന് പുതിയ കൂട്ടായി ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമുണ്ട്.

രണ്ട് സീറ്റ് വെല്‍ഫെയറിന് നല്‍കി ബാക്കി സീറ്റുകളെല്ലാം ലീഗ് ഒറ്റക്ക് മത്സരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിന് കാലുവാരി കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടക്കം പിടിച്ചെടുത്തിരുന്നു.

ഇതിനുള്ള പ്രതികാരം എന്ന നിലയിലാണ് ഇത്തവണ ലീഗിന്റെ നീക്കം. കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് പ്രതിപക്ഷമായ സി പി എമ്മിന് ലഭിച്ചത്. പുതിയ സാഹചര്യത്തില്‍ ഇത്തവണ മത്സരം തീവ്രമാകുമെന്നാണ് റിപ്പോര്‍ട്ട്.ചെറിയ ഗ്രാമ പഞ്ചായത്തുകളിലൊന്നായ വളപട്ടണത്ത് ആകെ 6423 വോട്ടര്‍മാരെ ഉള്ളൂ.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇവിടെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏഴിടത്ത് ലീഗും ആറിടത്ത് കോണ്‍ഗ്രസും മത്സരിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ ലീഗ് മൂന്നിടത്ത് തോറ്റു. കോണ്‍ഗ്രസാകട്ടെ ആറിടത്തും ജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് പദവിയും കൈക്കലാക്കി.

ഇത്തവണ തുടക്കം മുതല്‍ പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ ഇരു പാര്‍ട്ടിയുടേയും നേതാക്കള്‍ നിരവധി ചര്‍ച്ച നടത്തിയിരുന്നു. ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദും, കെ എം ഷാജി എം എല്‍ എയും കെ സുധാകരന്‍ എം പിയുമെല്ലാം ഇടപെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് സൗഹൃദ മത്സരം എന്ന പേരില്‍ പരസ്പരം മത്സരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *