വയോധികനെ നടുറോഡിൽ തല്ലിച്ചതച്ച ഗുണ്ടാ എസ്.ഐക്ക് പണിഷ്മെന്റ്

Share

കൊല്ലം:ഹെൽമെറ്റില്ലാതെ ബൈക്കിനു പിന്നിൽ യാത്രചെയ്‌ത വയോധികനെ പ്രൊബേഷൻ എസ്ഐ വലിച്ചിഴച്ച് പൊലീസ്‌‌ ജീപ്പിൽ കയറ്റി മർദിച്ച സംഭവത്തിൽ എസ്‌ഐക്കെതിരെ നടപടി.

ചടയമംഗലം സ്റ്റേഷനിലെ‌ പ്രൊബേഷൻ എസ്ഐ ഷെജീമിനെതിരെയാണ്‌ നടപടി. സംസ്ഥാന പൊലീസ്‌ മേധാവിയുടെ നിർദേശപ്രകാരം കുട്ടിക്കാനത്തെ കെഎപി അഞ്ചാം ബറ്റാലിയനിലേക്ക്‌ കഠിന പരിശീലനത്തിനയച്ച്‌ കൊല്ലം ജില്ലാ പൊലീസ്‌ മേധാവിയാണ്‌ ഉത്തരവിറക്കിയത്‌. സ്‌പെഷ്യൽ ബ്രാഞ്ച്‌ ഡിവൈഎസ്‌പി ജി വിനോദിനെ സംഭവം അന്വേഷിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

ബുധനാഴ്‌ച രാവിലെ ചടയമംഗലം സ്വദേശി‌ രാമാനന്ദൻനായർ (69)ക്കാണ് മർദനമേറ്റത്. സുഹൃത്തിന്റെ ബൈക്കിന്റെ പിറകിലിരുന്ന്‌ ജോലിക്ക് പോകുന്നതിനിടെ  പൊലീസ് ഇവരെ കൈകാണിച്ചു നിർത്തി.

ബൈക്കോടിച്ചിരുന്നയാളും  ഹെൽമെറ്റ് ധരിച്ചിരുന്നില്ല. 1000 രൂപ പിഴയടയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോകുകയാണെന്നും കൈയിൽ പണമില്ലെന്നും  സ്റ്റേഷനിൽ വന്ന് പിന്നീട് അടയ്‌ക്കാമെന്ന് പറഞ്ഞെങ്കിലും എസ്ഐ പോകാൻ അനുവദിച്ചില്ല.

ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻനായരെ കയറ്റാൻ ശ്രമിച്ചപ്പോൾ അദ്ദേഹം എതിർത്തു. താൻ ബൈക്കിനു പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നും അദ്ദേഹം  പറഞ്ഞു. ഇതോടെ  ഷെജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയുമായിരുന്നു.

താൻ രോഗിയാണെന്നും ആശുപത്രിയിൽ പോകണമെന്നും കരഞ്ഞ് പറയുന്നുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. സംഭവത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എസ്‌ഐക്കെതിരെ രൂക്ഷവിമർശം  ഉയർന്നു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *