വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം

Share

വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും ക്ഷേമം ഉറപ്പാക്കൽ നിയമം’ മികച്ച നിലയിൽ നടപ്പാക്കിയ സംസ്ഥാനം എന്നതാണ് കേരളത്തെ പുരസ്‌കാരത്തിന് അർഹമാക്കിയത്. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡാണിത്. പുരസ്‌കാരം അന്താരാഷ്ട്ര വയോജനദിനത്തിൽ (ഒക്‌ടോബർ ഒന്ന്) ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
കോവിഡ് കാലത്ത് മുതിർന്നവരുടെ പരിപാലനത്തിന് ആരംഭിച്ച വയോക്ഷേമ കാൾ സെന്ററുകൾ, വൃദ്ധസദനങ്ങളിലെ സുരക്ഷാസംവിധാനങ്ങൾ, മോഡൽ സായംപ്രഭാ ഹോമുകൾ, വയോമിത്രം പദ്ധതി, വയോജന പാർക്ക് തുടങ്ങിയ പ്രാഥമികതല സേവനങ്ങൾ, വയോമധുരം (സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി), മന്ദഹാസം (പല്ലു പൊഴിഞ്ഞവർക്കുള്ള ആശ്വാസപദ്ധതി) എന്നീ വ്യക്തിഗത ആനുകൂല്യപദ്ധതികൾ, വൃദ്ധസദനങ്ങളിൽ നടപ്പാക്കിയ വിവിധ ആരോഗ്യ-മാനസികാരോഗ്യ പരിപാലന നടപടികളും മാനസികോല്ലാസ സൗകര്യങ്ങളും, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ പ്രവർത്തനങ്ങൾ, ഇ-ക്ഷേമ സോഫ്റ്റ്‌വെയറും മറ്റ് ഓൺലൈൻ ഡാറ്റാ കൈകാര്യ സംരംഭങ്ങളും തുടങ്ങിയവയാണ് അവാർഡിന് പരിഗണിക്കുന്നതിന് കേരളം മുന്നോട്ടുവച്ചതെന്ന് മന്ത്രി പറഞ്ഞു.