വഖഫ് സ്വത്തുക്കള്‍ പൂര്‍ണമായും വീണ്ടെടുത്ത് സംരക്ഷിക്കും: മന്ത്രി വി.അബ്ദുറഹിമാന്‍

Share

വഖഫ് രജിസ്ട്രേഷന്‍ അദാലത്തുകള്‍ക്ക് സംസ്ഥാനത്ത് തുടക്കം

അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്തുക്കള്‍ പൂര്‍ണമായും വീണ്ടെടുത്തു സംരക്ഷിക്കുമെന്ന് വഖഫ്, ഹജ്ജ്, കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. മഞ്ചേരിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള വഖഫ് രജിസ്ട്രേഷന്‍ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി വഖഫ് സര്‍വേ പുരോഗമിക്കുകയാണ്. ഏഴ് ജില്ലകളില്‍ ഇതിനകം സര്‍വേ പൂര്‍ത്തിയായി. മറ്റു ജില്ലകളില്‍ നടപടി പുരോഗമിക്കുകയാണ്. ജി.ഐ.എസ് മാപ്പിങും ഇതോടൊപ്പം നടക്കുന്നുണ്ട്. വഖഫ് സ്വത്തുക്കള്‍ അനര്‍ഹമായി കൈവശം വെക്കുകയും കയ്യേറുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

വഖഫ് സ്വത്തുക്കളുടെ നിയമപരമായ സംരക്ഷണവും പരിപാലനലും ഉറപ്പുവരുത്താന്‍ വഖഫ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം. മുതവല്ലിമാര്‍ (നടത്തിപ്പു ചുമതലയുള്ളവര്‍), ബന്ധപ്പെട്ട കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ മുന്‍കയ്യെടുക്കണം. വഖഫ് സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് സുതാര്യമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വഖഫ് ബോര്‍ഡ് നടത്തി വരുന്നത്. സാമൂഹ്യ പരിരക്ഷാ പദ്ധതികളും ഇതോടൊപ്പം അര്‍ഹരായവരില്‍ എത്തിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ബോര്‍ഡിനായി ബജറ്റില്‍ വകയിരുത്തിയ 1.32 കോടി രൂപയില്‍ ഒരു കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വഖഫ് രജിസ്ട്രേഷന്‍ അദാലത്തുകള്‍ പുനരാരംഭിക്കുന്നതെന്നും വഖഫ്, ദേവസ്വം സ്വത്തുക്കളെല്ലാം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ചേരി നഗരസഭ ടൗണ്‍ഹാളില്‍ മന്ത്രി വി. അബ്ദുറഹിമാന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അദാലത്ത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ 140 വഖഫ് സ്വത്തുക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. 60 വയസ് പിന്നിട്ട പള്ളി, മദ്രസ ജീവനക്കാര്‍ക്ക് വഖഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പദ്ധതിയില്‍ നിന്നുള്ള ധനസഹായ വിതരണവും നടന്നു. ഒന്‍പത് പേര്‍ക്ക് ആറുമാസത്തെ സഹായ ധനമായ 6,000 രൂപ വീതമാണ് നല്‍കിയത്. വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ നടക്കാതിരുന്ന 52 വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച പരാതികളില്‍ 15 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. മറ്റു പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
 

സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ. ഹംസ അധ്യക്ഷനായി. അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ മുഖ്യാതിഥിയായി. വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എം. ജമാല്‍, സംസ്ഥാന വഖഫ് ബോര്‍ഡ് അംഗങ്ങളായ എം.സി. മായിന്‍ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്‍, പ്രൊഫ. കെ.എം. അബ്ദുള്‍ റഹീം, റസിയ ഇബ്രാഹിം, വി.എം. രഹ്ന തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്തമാസം (ഒക്ടോബര്‍) ഒന്‍പതിന് കണ്ണൂര്‍, 23ന് കോഴിക്കോട്, 30ന് കാസര്‍കോട് എന്നിവിടങ്ങളിലാണ് തുടര്‍ന്നുളള അദാലത്തുകള്‍ നടക്കുക. മറ്റു ജില്ലകളിലെ അദാലത്ത് തീയതികള്‍ പിന്നീട് തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *