ലോറിയിടിച്ച് വഴിയാത്രക്കാരനായ. ആലപ്പുഴ സ്വദേശി മരിച്ചു

Share

കാസർകോട്:: ദേശീയപാത കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ കാല്‍നട യാത്രക്കാരനായ ആലപ്പുഴ സ്വദേശിക്ക് ലോറി കയറി ദാരുണാന്ത്യം. ആണൂരിലെ യാക്കോഹാമ ടയര്‍ കമ്പനി ജീവനക്കാരന്‍ ആലപ്പുഴ താമരക്കുളം സ്വദേശി കെ.പി സന്തോഷ് കുമാറാണ് (52) ഇന്നു പുലര്‍ച്ചെയോടെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചത്.  ഇന്നലെ രാത്രി 8.45 ഓടെ ആണൂര്‍ പാലത്തിന് മുകളിലാണ് അപകടം സംഭവിച്ചത്.

കൂടെ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിക്കൊപ്പം കാലിക്കടവില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോഴാണ് ഇരുവരേയും ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സുഹൃത്ത് നിസാര പരിക്കോടെ തെറിച്ചുവീണെങ്കിലും സന്തോഷിന്റെ കാലിനു മുകളിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഇടിച്ച ലോറി നിര്‍ത്താതെ പോയതോടെ ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ രക്തം വാര്‍ന്ന് 20 മിനുട്ടോളം ഇയാള്‍ റോഡരികില്‍ കിടന്നു. അതുവഴി വന്ന നാട്ടുകാരാണ് ഇയാളെ കണ്ടെത്തി ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നു പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.  അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താനുള്ള ശ്രമം പയ്യന്നൂര്‍ പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങളായി വെള്ളൂരിലെ രമേശന്റെ ഉടമസ്ഥതിയിലുള്ള ആണൂരിലെ യോക്കാഹാമ ടയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സന്തോഷ്‌കുമാര്‍ ലോക്ഡൗണിന് ശേഷം കഴിഞ്ഞദിവസമാണ് വീണ്ടും ജോലിക്കെത്തിയത്. താമരക്കുളത്തെ മുരളീധരന്‍ പിള്ളയുടെ മകനാണ് മരിച്ച സന്തോഷ്.

Leave a Reply

Your email address will not be published. Required fields are marked *