ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Share

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് അടിയന്തര പ്രാധാന്യം ഉള്ളതെന്ന് സിബിഐ ആവശ്യപ്പെട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

വിവിധ കാരണങ്ങളാൽ 17 തവണ  മാറ്റിവെച്ച കേസാണ് കോടതിയുടെ പരിഗണനക്ക് എത്തുന്നത്. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദംകേള്‍ക്കുക.മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ ഹർജിയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജിയുമാണ് ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് ഹര്‍ജികളും മൂന്ന് വര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.

കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്റെ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. കേസില്‍ 2017 ഒക്ടോബര്‍ 23നാണ് മുഖ്യമന്ത്രി പിണറായി വിജയയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിക്കൊണ്ട് സിബിഐ കോടതി വിധിപറഞ്ഞത്. പിന്നീട് കേരള ഹൈക്കോടതി ഈ വിധി ശരിവെച്ചു. കേസില്‍ ഏതെങ്കിലും പരാമര്‍ശം പിണറായി വിജയനെതിരെ ഉണ്ടായാല്‍ നിരവധി വിഷയങ്ങളില്‍ പ്രതിഛായ നഷ്ടം സംഭവിച്ചിരിക്കുന്ന അദ്ദേഹം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും.

Leave a Reply

Your email address will not be published. Required fields are marked *