രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നുവെന്ന് സുപ്രീം കോടതി

Share

ന്യൂഡൽഹി :രാജ്യത്തെ കോവിഡ്‌ സാഹചര്യം മോശത്തിൽനിന്ന്‌ മഹാമോശമായി മാറിയെന്ന്‌ സുപ്രീംകോടതി. കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനങ്ങൾ രാഷ്ട്രീയത്തിന്‌ അപ്പുറം‌ ചിന്തിക്കണമെന്നും കൂടുതൽ ഊർജസ്വല നടപടികൾ സ്വീകരിക്കണമെന്നും ജസ്‌റ്റിസ്‌ അശോക് ‌ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിർദേശിച്ചു.

ഗുജറാത്ത്‌ രാജ്‌കോട്ടിൽ കോവിഡ്‌ ആശുപത്രിയിൽ തീപിടിത്തമുണ്ടായി ആറ്‌ രോഗികൾ മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ആദ്യമായല്ല കോവിഡ്‌ ആശുപത്രിയിൽ തീപിടിത്തം ഉണ്ടാകുന്നതെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. നേരത്തെ അഹമദാബാദിലും ആന്ധ്രാപ്രദേശിലും കോവിഡ്‌ ആശുപത്രികളിൽ അഗ്നിബാധയുണ്ടായി‌. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തടയാൻ സർക്കാരുകൾ മുൻകരുതൽ എടുക്കുന്നില്ല.

കോവിഡ്‌ ആശുപത്രികളിലെ അടിസ്ഥാനപ്രശ്‌നങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ പരിശ്രമിക്കണം.കോവിഡ്‌ മാർഗനിർദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം.  ആഘോഷങ്ങളും ഘോഷയാത്രകളും പൊടിപൊടിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌.

60 ശതമാനം പേർക്കും മാസ്‌കില്ല. 30 ശതമാനം പേർ മാസ്‌ക്‌ നേരെചൊവ്വേ  ഉപയോഗിക്കുന്നില്ല. രാജ്യത്തെ സാഹചര്യം മോശത്തിൽനിന്ന്‌ മഹാമോശമെന്ന നിലയിലേക്ക്‌ അധഃപതിച്ചു. കർശന നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം നിഷ്‌ഫലമാകുമെന്നും -സുപ്രീംകോടതി നിരീക്ഷിച്ചു.കോവിഡ്‌ ആശുപത്രികളിൽ തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്നത്‌ ഗുരുതര വീഴ്‌ചയാണെന്ന്‌ കേന്ദ്രസർക്കാരിന്‌ വേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർ മെഹ്‌ത സമ്മതിച്ചു. കോടതി ഉന്നയിച്ച ആശങ്കകൾ മുഴുവൻ സർക്കാർ ഉൾക്കൊള്ളുന്നു. അടിയന്തരമായി യോഗംചേർന്ന്‌‌ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സോളിസിറ്റർ ജനറൽ ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *