രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ പുതുമുഖങ്ങൾ

Share

രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ പുതുമുഖങ്ങളെ കൊണ്ടു വരാൻ ആലോചന. സർക്കാരിന് ഒരു ഫ്രഷ് ഫേസ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ആലോചന സിപിഎം തലപ്പത്ത് നടക്കുന്നത്. 

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി, എസ്.രാമചന്ദ്രൻപിള്ള എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഇന്നലെ നടത്തിയ കൂടിയാലോചനയിലാണ് ഒരു ഫ്രഷ് ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടത് എന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കേയാണ് ഇങ്ങനെയൊരു ആലോചന പാർട്ടി തലപ്പത്ത് പുരോഗമിക്കുന്നതെന്നാണ് സൂചന. 

തോമസ് ഐസക്, ജി.സുധാകരൻ, സിഎൻ രവീന്ദ്രനാഥ്, എ.കെ.ബാലൻ എന്നീ പ്രമുഖരെ രണ്ട് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മാറ്റി നിർത്തിയ സിപിഎമ്മിന് പിണറായിയുടെ കീഴിൽ ഒരു പുതുമുഖ മന്ത്രിസഭ കൊണ്ടു വരാൻ യാതൊരു തടസവുമില്ലെങ്കിലും കെ.കെ.ശൈലജ ടീച്ചറെ പുതിയ സർക്കാരിൽ മാറ്റി നിർത്തുക എന്നത് എളുപ്പമല്ല. 

മട്ടന്നൂരിൽ നിന്നും 60,000 വോട്ടുകളുടെ ചരിത്രഭൂരിപക്ഷത്തിന് ജയിച്ച ശൈലജ ടീച്ചർ ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി കൂടിയായിരുന്നു. ശൈലജ ടീച്ചറെ മാത്രം നിലനിർത്തി ബാക്കി മുഴുവൻ പുതുമുഖങ്ങൾ എന്ന സാധ്യത നേതൃത്വം പരിശോധിക്കുന്നുവെന്നാണ് സൂചന.പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കിൽ എ.സി.മൊയ്തീൻ, ടി.പി.രാമകൃഷ്ണൻ എന്നീ മുൻമന്ത്രിമാർക്ക് സ്ഥാനം നഷ്ടമാവും.

മന്ത്രിസഭയിൽ പൂർണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സിപിഎമ്മിൽ സമ്പൂർണ തലമുറമാറ്റം സാധ്യമാകും എന്നതാണ് ഇതിലെ സവിശേഷത. 34 വർഷം അധികാരത്തിലിരുന്ന ബംഗാളിൽ പാർട്ടി തകരാൻ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചു നിന്നതാണ് എന്ന പാഠം ഉൾക്കൊണ്ടാണ് കേരളത്തിൽ തലമുറ മാറ്റത്തിന് സിപിഎം ലക്ഷ്യമിടുന്നത്. 99 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം ഒരു പരീക്ഷണത്തിന് സിപിഎമ്മിന് ധൈര്യം നൽകുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ എടുത്ത റിസ്ക് ഫലം കണ്ടതും അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.

പുതുമുഖമന്ത്രിമാരെ കൂടാതെ പുതിയ സർക്കാരിൽ സിപിഐയ്ക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന വാർത്തയും തിരുവനന്തപുരത്ത് നിന്നും വരുന്നുണ്ട്. സിപിഐയ്ക്ക് കഴിഞ്ഞ സർക്കാരിൽ കിട്ടിയ ആറ് കാബിനറ്റ് പദവികളിൽ ഒന്നു കുറയാനാണ് സാധ്യത. കഴിഞ്ഞ തവണ കൈവശം വച്ച ചില വകുപ്പുകളും അവർക്ക് നഷ്ടപ്പെടും. ജനദാതൾ ഗ്രൂപ്പുകൾ ലയിച്ചു വന്നാൽ ഒരു മന്ത്രിസ്ഥാനം അവർക്ക് നൽകാനാണ് തീരുമാനം. 

Leave a Reply

Your email address will not be published. Required fields are marked *