യു.എ ഖാദറിൻ്റെ വിയോഗം പുരോഗമന സാഹിത്യത്തിന് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

Share

കണ്ണുർ: മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോന്മുഖവുമായ നിലപാട് കൈക്കൊള്ളുകയും തന്റെ  സര്‍ഗാത്മക സാഹിത്യത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു യു എ ഖാദര്‍. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാസാഹിത്യ സംഘത്തെ നയിക്കാന്‍ അദ്ദേഹം കാട്ടിയ സന്നദ്ധത.

തൃക്കോട്ടൂര്‍ പെരുമ പോലെയുള്ള വിശിഷ്ടങ്ങളായ കൃതികളിലൂടെ മലയാളസാഹിത്യത്തിന്റെ  അതിരുകള്‍ കടന്ന് ദേശീയതലത്തിലുള്ള  ഇന്ത്യന്‍ എഴുത്തുകാരന്‍ എന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നിരുന്നു. പ്രാദേശിക ചരിത്രം കഥകളില്‍ കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ചിത്രകാരന്‍ കൂടിയായ ഖാദര്‍, മനോഹരമായ ദൃശ്യങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് കഥകള്‍ പറഞ്ഞത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു.  മേശവിളക്ക് എന്ന പ്രസിദ്ധ കൃതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്.

മ്യാന്‍മാറില്‍ ജനിച്ച യു.എ. ഖാദര്‍ കേരളീയമായ ഭാഷാ സംസ്‌കൃതിയെ ഉള്‍ക്കൊണ്ടുകൊണ്ട്, മലയാളത്തനിമ നിറഞ്ഞ കൃതികള്‍ രചിച്ചു കൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു.

ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാര്‍ഥ്യങ്ങളെയും വ്യക്തിഗതമായ അനുഭൂതികളെയും  ഭാവനാത്മകമായി സമന്വയിപ്പിച്ച് എഴുതുന്ന അദ്ദേഹത്തിന്റെ ശൈലി മലയാള സാഹിത്യത്തില്‍ വേറിട്ടു നിന്നു.
കേരളത്തിന്റെ സാഹിത്യമടക്കമുള്ള സാംസ്‌കാരിക മണ്ഡലങ്ങള്‍ക്കാകെയും  മതനിരപേക്ഷതയടക്കമുള്ള ജനാധിപത്യമൂല്യങ്ങള്‍ക്കാകെയും  കനത്ത നഷ്ടമാണ് നിര്‍ണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *