കൽപ്പറ്റ:യുവതിയോട് ഫോണില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ നടന് വിനായകന് ജാമ്യം. കല്‍പ്പറ്റ ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കോടതിയില്‍ നടന് നേരിട്ട് ഹാജരായി.കോട്ടയം പാമ്പാടി സ്വദേശിയും സാമൂഹ്യ പ്രവർത്തകയുമായ യുവതിയുടെ പരാതിയിലാണ് വിനായകനെതിരെ കേസെടുത്തത്. ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്.
കല്‍പ്പറ്റയില്‍ വച്ച് ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ നടന് അപമാനിക്കുകയും അശ്ലീലം പറയുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. സംഭവം നടന്ന സ്ഥലമായതിനാലാണ് കല്‍പ്പറ്റ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ വിനായകനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നാലുമാസത്തോളം നീണ്ട അന്വേഷണത്തിനുശേഷം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിനായകനെതിരെ സൈബര്‍ ആക്രമണം നടന്നപ്പോഴാണ് യുവതി നടനില്‍ നിന്നും തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.