യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന 81കാരനായ വരവര റാവു ആരാണ്?

Share

പതിനഞ്ചോളം കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള തെലുഗുവിലെ അറിയപ്പെടുന്ന കവിയാണ് വരവര റാവു. 81 കാരനായ വരവരറാവു എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ടുകൊണ്ട്, അക്രമത്തിന് പ്രകോപനം സൃഷ്ടിച്ചു എന്ന ആരോപണവിധേയനായി ആണ് 2018 -ൽ അറസ്റ്റിലായത്. ഭീമാ കോരേഗാവ് അക്രമങ്ങളിൽ പങ്കുണ്ടെന്നും 2017 ഡിസംബർ 31 -ന് റാവു നടത്തിയ പ്രസംഗം ഏറെ പ്രകോപനപരമായിരുന്നുവെന്നുമാണ് പൊലീസിന്റെ ആരോപണം.

ആരാണ് വരവരറാവു?

1940 -ൽ വാറങ്കലിലെ ഒരു മധ്യവർഗ ബ്രാഹ്മണ കുടുംബത്തിലാണ് റാവു ജനിച്ചത്. ചെറുപ്പം മുതലേ കവിതകൾ എഴുതി പ്രസിദ്ധപ്പെടുത്താൻ തുടങ്ങി. ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് തെലുഗു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം റാവു, ഹൈദരാബാദിലെ ഒരു സ്വകാര്യ കോളേജിൽ അധ്യാപകനായി ജോലി ചെയ്തു. ദില്ലിയിൽ വാർത്താവിതരണമന്ത്രാലയത്തിന്റെ കീഴിൽ ഗുമസ്തനായി കുറേക്കാലം ജോലിചെയ്ത റാവു, അതിനു ശേഷവും പലയിടത്തായി അധ്യാപകനായി ജോലിചെയ്തു. റാവുവും സ്നേഹിതരും ചേർന്ന് ആരംഭിച്ചതാണ് ‘സാഹിത്രീ മിത്രാലു’ എന്ന സംഘടനയും, ‘ശ്രുജന’ എന്നൊരു മാസികയും.

റാവു ആദ്യമായി അറസ്റ്റിൽ ആകുന്നത്
മാവോയിസ്റ്റ് സാഹിത്യം അച്ചടിച്ച് പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ്. ആന്ധ്ര പൊലീസിലെ കോൺസ്റ്റബിൾ സാംബയ്യയെയും, ഇൻസ്‌പെക്ടർ യാദാഗിരി റെഡ്ഢിയെയും കൊല്ലാൻ വേണ്ടി മാവോയിസ്റ്റുകൾ നടത്തിയ ഗൂഢാലോചനാ മീറ്റിങ്ങിൽ റാവുവും പങ്കെടുത്തിരുന്നുവെന്ന് പോലീസ് ആരോപിച്ചു.

മിസ എന്ന കുപ്രസിദ്ധ കരിനിയമം ചുമത്തി 1973ൽ തടവിലാക്കപ്പെട്ട റാവു കെനിയൻ എഴുത്തുകാരൻ എൻഗുഗി വാ തിയോങ്കോയുടെ ‘ഡീറ്റെയിൻഡ്’ എന്ന ജയിൽ കുറിപ്പുകളും, ‘ഡെവിൾ ഓൺ ദ ക്രോസ്സ്’ എന്ന നോവലും തെലുഗുവിലേക്ക് മൊഴിമാറ്റം നടത്തുകയും ‘സഹചാരുലു’ എന്ന പ്രിസൺ ഡയറി എഴുതുകയും ചെയ്തു.

കൃഷിചെയ്യുന്ന ഭൂമിക്കുമേൽ അവകാശമുന്നയിച്ചുകൊണ്ട് ആന്ധ്രയിലെ കർഷകർ 1967 -ൽ നടത്തിയ ‘ശ്രീകാകുളം സായുധ കർഷകസമരം’ 1969ൽ ആരംഭിച്ച തെലങ്കാന സമരം എന്നിവയോട് അനുഭാവം കാണിച്ചിരുന്ന റാവു തിരുഗുബാട്ടു കാവുലു എന്ന വിപ്ലവ കവികളുടെ സംഘടനയ്ക്ക് രൂപം നൽകി. വി.ര.സം എന്നറിയപ്പെട്ട വിപ്ലവ രചയിതാല സംഘത്തിന്റെ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു റാവു. അതിന്റെ ഭാഗമായി പ്രകോപനപരമായ പല ലഘുലേഖകളും പുറത്തിറക്കി റാവു ശ്രുജനയുടെ ബാനറിൽ മാവോയിസം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നൊരു ആരോപണവും ആന്ധ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ട്.

അറിയപ്പെട്ട കവിയും വിമർശകനുമായിരുന്ന റാവു 1983 ൽ പ്രസിദ്ധപ്പെടുത്തിയ ” തെലങ്കാന സ്വാതന്ത്ര്യ സമരവും, തെലുഗു നോവലും- സമൂഹവും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചൊരു പഠനം’ എന്ന തിസീസ്, തെലുഗുവിലെ ഏറ്റവും മികച്ച മാർക്സിയൻ പഠനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 2005 -ൽ ആന്ധ്രയിലെ നക്സലൈറ്റ് സംഘടനയായ പീപ്പിൾസ് വാർ ഗ്രൂപ്പും ആഭ്യന്തര വകുപ്പും തമ്മിൽ സമാധാനചർച്ചകൾ ഉണ്ടായപ്പോൾ PWG യെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്ത വരവര റാവു 2014 ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷം നാലു തവണ അറസ്റ്റു ചെയ്യപ്പെട്ടു.

ഭീമാ കോരേഗാവ് അക്രമങ്ങളിൽ റാവുവിന് പങ്കുണ്ടെന്നും 2017 ഡിസംബർ 31 -ന് നടന്ന ഒരു പരിപാടിയിൽ റാവു നടത്തിയ പ്രസംഗം ഭീമ കോരേഗാവ് അക്രമത്തിനു പ്രകോപനമായി എന്നും ആരോപിച്ചാണ് 2018ൽ ഹൈദരാബാദിലെ സ്വന്തം വസതിയിൽ നിന്നും റാവുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. വിചാരണത്തടവ് രണ്ടു വർഷമായി നീണ്ടുനീണ്ടു പോയപ്പോൾ ജാമ്യാപേക്ഷ ക്കായി പലതവണ റാവു ശ്രമിച്ചു. തുടർച്ചയായ അനാരോഗ്യം ചൂണ്ടിക്കാട്ടിയും ജയിലിൽ ചികിത്സയും യഥാസമയമുള്ള പരിചരണവും നിഷേധിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയും അപേക്ഷ സമർപ്പിച്ചിട്ടും ഇല്ലാത്തവൾ ജാമ്യാപേക്ഷ തള്ളപ്പെടുകയാണ് ചെയ്തത്. ഈ വർഷം കോവിഡ് ബാധ്യതയായ അദ്ദേഹം എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാതെ കട്ടിലിൽ നിന്ന് നിലത്ത് വീണു പരിക്കേറ്റ റാവു സ്വന്തമായി ഒന്നും തന്നെ ചെയ്യാനാവാത്ത അവസ്ഥയിലാണ് എന്നാണ് ജയിലിലെ അദ്ദേഹത്തിന്റെ സഹതടവുകാർ പറയുന്നത്.

ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് മഹാരാഷ്ട്ര സർക്കാരിന്റെ ചെലവിൽ 15 ദിവസത്തെ ചികിത്സയ്ക്കായി നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് ഹൈക്കോടതി ഇന്ന് അനുമതി നൽകിയത്.
നവി മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന കിടപ്പുരോഗിയായ വരവരറാവു ഡയപ്പറുകൾ ഉപയോഗിക്കുന്നയാളാണെന്നും അറ്റൻഡർമാർ ഇല്ലാത്തതിനാൽ 3 മാസമായി കത്തീറ്റർ പോലും മാറ്റിയിട്ടില്ലായിരുന്നുവെന്നും കോടതിയിൽ അഭിഭാഷകർ വ്യക്തമാക്കി. ചട്ടങ്ങൾക്കനുസരിച്ച് വരവരറാവുവിന്റെ കുടുംബത്തിന് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കാനും അനുവാദമുണ്ട്. മറവിരോഗവും മൂത്രാശയരോഗവും അലട്ടുന്ന റാവു ജയിലിലെ വൃത്തിഹീനമായ അവസ്ഥയിൽ എപ്പോൾ വേണമെങ്കിലും മരണപ്പെടുന്ന സാഹചര്യത്തിൽ ആണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

2 thoughts on “യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന 81കാരനായ വരവര റാവു ആരാണ്?

Leave a Reply

Your email address will not be published. Required fields are marked *