മോദി ദുരിതകാലത്തെ ആഘോഷമാക്കി മാറ്റുന്നു: എ വിജയരാഘവൻ

Share

ത്യശൂർ:ബാങ്കുകൾ തുടങ്ങാൻ കുത്തകകൾക്ക്‌ അനുവാദം നൽകുന്ന നിയമ ഭേദഗതികൂടി പാസാക്കി,‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുരിതകാലത്തെ ആഘോഷിക്കുകയാണെന്ന്‌‌ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ഇതുവഴി രാജ്യത്തിന്റെ സമ്പത്ത്‌ വീതിച്ചെടുക്കാൻ അംബാനിമാർക്കും അദാനിമാർക്കും അവസരം നൽകുകയാണ്‌. ദേശീയ പണിമുടക്കിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച തൊഴിലാളി സംഗമത്തിന്റെ സമാപനയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്‌ തൊഴിലാളികൾക്കും കർഷകർക്കും എതിരായ ആറു കരിനിയമം നിശബ്ദരാക്കപ്പെട്ട പാർലമെന്റിൽ പാസാക്കിയത്‌.

പാർലമെന്റിനെ നിശബ്ദമാക്കിയാലും തെരുവുകൾ നിശബ്ദമാകില്ലെന്ന്‌ മോഡി കാണാൻപോകുന്ന നാളുകളാണ്‌ വരുന്നത്‌. രാഷ്ട്രീയമായി ബിജെപി ഇന്നുവരെ എടുത്തവയിൽ ഏറ്റവും തിരിച്ചടിയുണ്ടാകാൻ പോകുന്ന തീരുമാനമാണ്‌ കർഷക–-തൊഴിലാളി വിരുദ്ധ നിയമങ്ങൾ.കർഷകന്റെ താൽപ്പര്യത്തെ അവഗണിച്ച ഒരു സർക്കാരിനും അധികകാലം തുടരാനായിട്ടില്ല എന്നതാണ്‌ അനുഭവം. 

തൊഴിലാളികൾക്ക്‌ അനുകൂലമായ ഒരു തീരുമാനം പോലും മോഡി സർക്കാരിൽനിന്ന്‌ ഉണ്ടായിട്ടില്ല. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിനെ അനുവദിക്കുന്നില്ല. മുതലാളി മേലാളന്മാരുടെ കീഴെ തൊഴിലാളികളെ അടിമയാക്കുന്ന നിയമ നിർമാണങ്ങളാണ്‌ നടപ്പാക്കിയത്‌. ഓരോ ചുവടുവയ്പിലും അതാണ്‌ മോഡി സർക്കാർ ഉറപ്പാക്കുന്നത്‌.

പണിയെടുക്കുന്നവരോട്‌ നിശബ്ദരാകാനും വിധേയരാകാനുമാണ്‌ കൽപ്പിക്കുന്നത്‌. ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധമായ കാലത്ത്‌ നിശബ്ദരായിരിക്കാൻ ഒരു ജനതയ്‌ക്കും കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *