മൊബൈല്‍ ആപ്പുകൾ വഴി 150 കോടി തട്ടി; ചൈനീസ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റിൽ

Share

ദില്ലി: മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പേരില്‍ 150 കോടി തട്ടിയെടുത്ത കേസില്‍ രണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെ 11 പേർ അറസ്റ്റിൽ. ദില്ലി പോലിസിന്റെ സൈബര്‍ സെല്‍ ആണ് പ്രതികളെ അറസ്റ്റുചെയ്തത്. രണ്ടുമാസത്തിനുള്ളില്‍ അഞ്ചുലക്ഷം പേരെ കബളിപ്പിച്ച് 150 കോടിയാണ് ഇവർ തട്ടിയെടുത്തത്.

രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍നിന്ന് ലാഭകരമായ വരുമാനം നല്‍കാമെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഇവരുടെ പേരില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പേയ്‌മെന്റ് ഗേറ്റ്‌വേകളിലും നിക്ഷേപമുള്ള 11 കോടി രൂപയും മരവിപ്പിച്ചിട്ടുണ്ട്.

പവര്‍ ബാങ്ക്, EZPlan എന്നീ പേരിലുള്ള രണ്ട് മൊബൈല്‍ ആപ്പുകളുടെ പേരില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍നിന്നുള്ള ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ചെയ്ത നോട്ടീസുകള്‍ ദില്ലി പോലിസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്യുന്നുവെന്ന കുറിപ്പോടെയായിരുന്നു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് പ്രൊജക്ടാണ് പവര്‍ ബാങ്കിന്റേത്. എന്നാല്‍, അതിന്റെ സെര്‍വര്‍ ചൈന കേന്ദ്രീകരിച്ചാണെന്ന് കണ്ടെത്തി.

നിക്ഷേപകര്‍ കൂടുതല്‍ പണം ഇറക്കുന്നതിനായി ആദ്യ നിക്ഷേപത്തിന്റെ അഞ്ചുമുതല്‍ 10 വരെ ശതമാനം തിരിച്ചുനല്‍കിയിരുന്നു. ഇതില്‍ വിശ്വാസം ഉടലെടുത്തതോടെ ആദ്യം നിക്ഷേപം നടത്തിയവര്ഡ അവരുടെ സുഹൃത്തുക്കളിലും ബന്ധുക്കളിലും ആപ്ലിക്കേഷന്‍ പ്രചരിപ്പിച്ച് കൂടുതല്‍ പണം പ്രൊജക്ടിലേയ്ക്ക് നിക്ഷേപിക്കാന്‍ തയ്യാറായി.

തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതിനായി പോലിസ് ഒരു ടോക്കണ്‍ തുക ഇതില്‍ നിക്ഷേപിക്കുകയും എങ്ങനെയാണ് പണം കൈമാറ്റം നടക്കുന്നതെന്ന് പരിശോധിക്കുകയും ചെയ്തു. ഇവര്‍ തട്ടിപ്പ് വഴിത്തിരിച്ചുവിടുന്നതിനായി 25ഓളം വ്യാജ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിക്കൊണ്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവയായിരുന്നു ഈ കമ്പനികളെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അനീഷ് റോയ് പറഞ്ഞു.

നിക്ഷേപം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ പോലിസിന് ലഭിച്ചു. ഇതിലൂടെ പശ്ചിമബംഗാളിലെ ഉലുബേറിയ എന്ന സ്ഥലത്തെ ഷേയ്ക്ക് റോബിന്‍ എന്നയാളെ തിരിച്ചറിഞ്ഞു.

ജൂണ്‍ രണ്ടിന് വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ഇയാളെ പോലിസ് അറസ്റ്റുചെയ്തു. പിന്നാലെ കൂട്ടാളികളില്‍പ്പെട്ട ഗുഡ്ഗാവ് നിവാസിയായ അവിക് കെഡിയ, കട്വാരിയ സരായ് നിവാസിയായ റൊണക് ബന്‍സല്‍ എന്നിവരടക്കം ഒമ്പതുപേരെ ദില്ലി പോലിസ് പിടികൂടുകയായിരുന്നുവെന്ന് ഡിസിപി അറിയിച്ചു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ നേതൃത്വത്തില്‍ 110 ഓളം ഷെല്‍ കമ്പനികള്‍ രൂപീകരിച്ചിരുന്നു. ഇതില്‍ ചിലത് രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപയ്ക്ക് ചൈനീസ് പൗരന്‍മാര്‍ക്ക് വിറ്റു. ടെലഗ്രാം വഴി റോബിന്‍ ഈ ചൈനീസ് പൗരന്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

ആദ്യം തട്ടിപ്പുകാര്‍ക്കായി ബാങ്ക് അക്കൗണ്ട് തുടങ്ങിയ റോബിന്‍ പിന്നീട് ഇതിന്റെ ഓപറേറ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ഫണ്ട് ട്രാന്‍സ്ഫറായിരുന്നു പ്രധാന ജോലി. റോബിനെ അറസ്റ്റുചെയ്യുമ്പോള്‍ അയാള്‍ 29 ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നു. വാട്‌സ് ആപ്പും ടെലഗ്രാമും വഴി നിരന്തരം ബന്ധപ്പെട്ട് ഇവര്‍ വ്യാജ ബാങ്ക് അക്കൗണ്ടുകളും ഷെല്‍ കമ്പനികള്‍ സൃഷ്ടിക്കുകയും ചെയ്തു.

തുടര്‍ന്ന് വിശ്വാസം നേടിയെടുത്ത് പലരില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. തട്ടിപ്പിന് പിന്നില്‍ നിരവധി ചൈനീസ് പൗരന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. അവര്‍ എവിടെയാണ്, തട്ടിപ്പില്‍ അവരുടെ പ്രത്യേക പങ്ക്, തട്ടിപ്പിന്റെ വലിയ ശൃംഖല എന്നിവ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *