തുളസിത്തറ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളില്‍ പ്രസിദ്ധരായവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തയ്യാറെടുപ്പിലാണ് മൂന്നു മുന്നണികളും. സിനിമാതാരങ്ങള്‍, വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍, ന്യായാധിപന്മാര് തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
1957-ല്‍ നടന്ന ആദ്യ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് പാര്‍ട്ടിക്കാര്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രശസ്തരെക്കൂടി സ്ഥാനാര്‍ത്ഥികളാക്കിയത്. പ്രമുഖ അഭിഭാഷകനായ വി.ആര്.കൃഷ്ണയ്യര്‍ (തലശ്ശേരി), പ്രമുഖ ഭിഷഗ്വരനായ ഡോ.എ.ആര്.മേനോന് (തൃശ്ശൂര്‍), പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനായ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി (മണലൂര്‍) എന്നിവരാണ് ഇങ്ങനെ സ്ഥാനാര്‍ത്ഥികളായത്. സ്വതന്ത്രരായ മത്സരിച്ച അവര്‍ ജയിക്കുകയും ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയില്‍ അംഗങ്ങളാവുകയും ചെയ്തു.
തുടര്‍ന്നു നടന്ന നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. ആ തന്ത്രം പരീക്ഷിച്ചിട്ടുണ്ട്.
എഴുത്തുകാരെയും സിനിമാ പ്രവര്‍ത്തകരെയുമാണ് അവര്‍ അങ്കത്തട്ടില്‍ ഇറക്കിയത്. പ്രൊഫ.എം.കെ.സാനു, ലെനിന് രാജേന്ദ്രന്, ചലച്ചിത്ര നടന്മാരായ മുരളി, ഇന്നസെന്റ്, മുകേഷ് തുടങ്ങിയവര്‍ ഇങ്ങനെ സ്ഥാനാര്‍ത്ഥികളായി. ഇവരില്‍ ഭൂരിഭാഗം പേരും വിജയിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്സും തിരഞ്ഞെടുപ്പുരംഗത്ത് രാഷ്ട്രീയക്കാരല്ലാത്തവരെ ഇറക്കിയിട്ടുണ്ട്. 84-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ സ്വതന്ത്ര പ്രതിനിധിയായിരുന്ന കെ.ആര്.നാരായണനെ ഒറ്റപ്പാലത്തും, ഐ.എ.എസ്. ഓഫീസറായിരുന്ന എസ്.കൃഷ്ണകുമാറിനെ കൊല്ലത്തും പരീക്ഷിച്ചു. രണ്ടുപേരും ജയിച്ചു.
89-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാകവി ഒ.എന്‍.വി.കുറുപ്പിനെ സി.പി.ഐ. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും, കോണ്‍ഗ്രസ്സിലെ എ.ചാള്‍സിനോട് പരാജയപ്പെട്ടു.
ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥിയായി പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ നിന്നു ജയിച്ച സിനിമാതാരമാണ് കേരള കോണ്‍ഗ്രസ്സ് (ബി) യിലെ കെ.ബി.ഗണേഷ്കുമാര്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് അദ്ദേഹം ഉള്‍പ്പെടെ മത്സരിച്ച മൂന്നു മുന്നണി സ്ഥാനാര്‍ത്ഥികളും സിനിമാനടന്മാരായിരുന്നു. കോണ്‍ഗ്രസ്സിലെ ജഗദീഷും ബി.ജെ.പി.യിലെ ഭീമന് രഘുവും.
2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.എന്‍. മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലും, 2006-ല്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്കു മത്സരിച്ച സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിനെ കോണ്‍ഗ്രസ്സ് തിരുവനന്തപുരത്തു സ്ഥാനാര്‍ത്ഥിയാക്കി. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും അദ്ദേഹം അവിടെ മത്സരിച്ചു ജയിച്ചു.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ ചലച്ചിത്ര നടന് സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിച്ച് മൂന്നാം സ്ഥാനം നേടി. ബി.ജെ.പി. ടിക്കറ്റില്‍ പൊരുതിയ അദ്ദേഹത്തിന് 293822 വോട്ടു ലഭിച്ചു. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം പരന്നതല്ലാതെ കേരളത്തിലെ മറ്റു സൂപ്പര്‍ താരങ്ങളാരും അങ്കത്തട്ടില്‍ ഇറങ്ങിയിട്ടില്ല. എന്നാല്‍ 87-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാളത്തിലെ നിത്യഹരിത നായകനായിരുന്ന പ്രേം നസീര്‍ കോണ്‍ഗ്രസ്സിനുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. പക്ഷേ അദ്ദേഹം സ്ഥാനാര്‍ത്ഥിയായില്ല.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആയിരിക്കും മറ്റു മേഖലകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രശസ്തരെ മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥികള്‍ ആക്കുക. ഇവരില്‍ നെതര്‍ലന്റ്സിലെ മുന്‍ സ്ഥാനപതി വേണു രാജമണിയുടെ പേര് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നു.
എല്‍.ഡി.എഫില്‍ നിന്ന് മലബാറില്‍ നിന്നുള്ള ഒരു സിനിമാ സംവിധായകന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്ന് ചലച്ചിത്രതാരം ധര്മ്മജന് ബോള്‍ഗാട്ടിയുടെ പേരാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. പിന്നണി ഗായകന് ജി.വേണുഗോപാല്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ആയിരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പേരും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി വട്ടിയൂര്‍ക്കാവിലേയ്ക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളായി കൊല്ലത്തു നിന്ന് എം.മുകേഷും പത്തനാപുരത്തു നിന്ന് കെ.ബി.ഗണേഷ്കുമാറും മത്സരിക്കുമെന്ന് ഉറപ്പാണ്. ഹൈക്കോടതിയിലെ മുന്‍ ജഡ്ജി കമാല്‍ പാഷ എറണാകുളം ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
ബി.ജെ.പി. സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖന് മെട്രോമാന് ഇ.ശ്രീധരന് തന്നെ. അദ്ദേഹത്തിനു പുറമേ മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്, ആര്.എസ്.എസ്.-ബി.ജെ.പി. ബുദ്ധിജീവി ആര്.ബാലശങ്കര്‍, ചലച്ചിത്ര നടന് സുരേഷ് ഗോപി, സീരിയല്‍ നടന് കൃഷ്ണകുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥികളായേക്കും. ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി ചില മുന്‍ ന്യായാധിപന്മാരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നു.