തലശേരി: മുഖ്യമന്ത്രിക്ക് സ്നേഹ സമ്മാനവുമായി മുഖ്യമന്ത്രിയെത്തിഅഴീക്കോട് പുന്നക്കപ്പാറയിലെ മഹേഷ് പട്ടുവക്കാരനും കുടുംബവും മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫീസിലെത്തിയത് പരാതിയുമായല്ല. ചിരട്ടയിൽ തീർത്ത അരിവാൾ ചുറ്റിക നക്ഷത്രം സ്നേഹസമ്മാനമായി നൽകാനായിരുന്നു. ചിരട്ടയിൽ തീർത്ത വയലിനും ഗിറ്റാറും കാണിക്കുകയും മധുരസംഗീതം മുഖ്യമന്ത്രി പിണറായി വിജയനെ കേൾപ്പിക്കുകയും ചെയ്തു.
ഷെഹനായ്, ഓടക്കുഴൽ തുടങ്ങി മഹേഷ് ചിരട്ടയിൽ നിർമിച്ച സംഗീത ഉപകരണങ്ങൾ വേറെയുമുണ്ട്. ഹാർമോണിയത്തിന്റെ പണിപ്പുരയിലാണിപ്പോൾ. സ്വർണപ്പണിക്കാരനായ മഹേഷ് ലോക്ഡൗൺ കാലത്താണ് ചിരട്ടയിൽ ശിൽപങ്ങൾ തീർത്തു തുടങ്ങിയത്. ബ്യൂഗിൾ, ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയെടുത്ത പഴയ ക്യാമറ, പാർലമെന്റ് മന്ദിരം, മെതിയടി, ബജാജ് ചേതക് സ്കൂട്ടർ തുടങ്ങി ചിരട്ടയിൽ തീർത്ത വസ്തുക്കൾ അനവധി.
പുരാവസ്തുക്കളുടെ അമൂല്യശേഖരവും വീട്ടിലുണ്ട്. പ്രവാസ ജീവിതം മതിയാക്കി പത്ത് വർഷം മുമ്പാണ് നാട്ടിലെത്തിയത്. അരിവാൾ ചുറ്റിക നക്ഷത്രം മക്കളായ ഹരികൃഷ്ണനും ശിവകൃഷ്ണനും ചേർന്ന് മുഖ്യമന്ത്രിക്ക് നൽകി. ഭാര്യ: രമ്യജ, എൽഡിഎഫ് സ്ഥാനാർഥി ശ്രീലത എന്നിവരും ഒപ്പമുണ്ടായിരുന്നു