മാറ്റത്തിന്‍റെ കാകളമോ, ഭരണത്തുടർച്ചയോ? കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

Share

തിരുവനന്തപുരം: നിർണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നിലാണ് കേരളം. ഒരു മാസം നീണ്ടു നിന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങൾക്ക് കൊട്ടിക്കലാശമായി ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ ദിനമാണ്. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിര്‍ണ്ണായകമായതിനാൽ ഇത്തവണത്തെ മത്സരത്തിന് വീറും വാശിയും ഏറെയാണ്.

ഭരണത്തുടര്‍ച്ചക്ക് വോട്ട് തേടുന്ന ഇടതുമുന്നണിക്കും സിപിഎമ്മിനും രാജ്യത്താകെയുള്ള നിലനിൽപ്പിന്‍റെ കളം കൂടിയാവുകയാണ് കേരള രാഷ്ട്രീയം. ഭരണമാറ്റമെന്ന ചരിത്രം ഇത്തവണ ആവര്‍ത്തിച്ചില്ലെങ്കിലത് കോൺഗ്രസിനും യുഡിഎഫിനും ചെറുതല്ലാത്ത ക്ഷീണമാകും. കേരളത്തിൽ സാന്നിധ്യമറിയിക്കാനാകുമോ എന്ന് ബിജെപിക്കും നിര്‍ണ്ണായകമാണ്. പ്രത്യേകിച്ചും പ്രധാനമന്ത്രിയടക്കം ദേശീയ നേതാക്കൾ കൂട്ടത്തോടെ പ്രചാരണത്തിനെത്തിയ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനവും രാഷ്ട്രീയ വൃത്തങ്ങൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷൻമാരും ട്രാൻസ്ജെന്റര് വിഭാഗത്തിൽ 290 പേരും അടങ്ങുന്നതാണ് വോട്ടര്‍ പട്ടിക. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയിൽ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് നാണ് വോട്ടെണ്ണൽ.

കൊവിഡ് സുരക്ഷാ പരിഷ്കാരങ്ങളുടെ ഭാഗമായി വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഇത്തവണ ക്രമീകരിച്ചിട്ടുള്ളത്. പോളിംഗ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പുറമെ 80 വയസ്സ് കഴിഞ്ഞവര്‍, ഭിന്ന ശേഷിക്കാര്‍, കൊവിഡ് ബാധിതർ, പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ ഉള്ളവര്‍ എന്നിവർക്കെല്ലാം പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിച്ച് വോട്ടിടാനുള്ള അവസരം ഒരുക്കിയിരുന്നു. വോട്ടെടുപ്പ് ഡ്യൂട്ടിയിലുള്ള അവശ്യ സർവ്വീസ് ജീവനക്കാര്‍ക്കും ഇത്തവണ തപാൽ വോട്ടിന് അവസരം കിട്ടി. കാഴ്ചയില്ലാത്തവര്‍ക്ക് ബ്രെയിൽ ബാലറ്റ് സൗകര്യവും ഇത്തവണ ബൂത്തുകളിൽ സജ്ജമാണ്.

കൊവിഡ് സാഹചര്യത്തിൽ കലാശക്കൊട്ടിന് കമ്മീഷന്‍റെ വിലക്ക് ഉണ്ടായിരുന്നെങ്കിലും റോഡ് ഷോകളും വാഹന പര്യടനങ്ങളും പദയാത്രകളുമായി പ്രചാരണത്തിന്‍റെ അവസാനമണിക്കൂറുകൾ ആവേശകരമായാണ് സമാപിച്ചത്. നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറിൽ വീടു കയറി അവസാനവട്ട വോട്ട് ഉറപ്പിക്കുന്നതിന്‍റെ തിരക്കിലാണ് സ്ഥാനാർത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ജനക്ഷേമ പദ്ധതികൾക്കും വികസന തുടര്‍ച്ചക്കും വോട്ട് തേടുന്ന ഭരണ മുന്നണിയും അഴിമതി ആരോപണങ്ങൾ മുതൽ ഇരട്ടവോട്ട് വരെയുള്ള വിവാദ വിഷയങ്ങളുയര്‍ത്തി പ്രതിപക്ഷ മുന്നണികളും കളം നിറഞ്ഞ തെരഞ്ഞെടുപ്പിൽ നാളെ കേരളം ചരിത്ര വിധിയെഴുതും.

വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും പോളിംഗിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി ഉള്ളതായി കണ്ടെത്തിയ 9 മണ്ഡലങ്ങളിൽ വൈകീട്ട് ആറ് മണി വരെ മാത്രമായിരിക്കും പോളിംഗ് നടക്കുക. മാനന്തവാടി , സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട് , മലമ്പുഴ മണ്ഡലങ്ങളിലെ 298 ബൂത്തുകളിലായിരിക്കും ആറ് മണിവരെ മാത്രം പോളിംഗ്.

Leave a Reply

Your email address will not be published. Required fields are marked *