മാധ്യമങ്ങൾ കോർപറേറ്റുകൾക്ക് കുഴലൂതുന്നു: കോടിയേരി

Share

കൊച്ചി:കേരളത്തെ കൊലക്കളമാക്കി മാറ്റാനാണ് ആര്‍എസ്എസ് ബിജെപി സംഘവും  കോണ്‍ഗ്രസും തീരുമാനിച്ചിട്ടുള്ളതെന്ന് സിപിഐ എം പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ നിന്നും വ്യക്തമായിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു..
കായംകുളത്ത് ഒരാളേയും വെഞ്ഞാറമ്മൂട് രണ്ട് പേരെയും പിന്നീട് തൃശൂരില്‍ സനൂപിനേയും കൊല്ലുകയായിരുന്നു. 3 ന്യൂനപക്ഷ വിഭാഗത്തിലേയും, ഒരു പട്ടികജാതി വിഭാഗത്തിലേയും പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് എങ്ങോട്ടാണ് കേരളം പോകുന്നത് എന്നതിനെ സംബന്ധിച്ച് നമ്മെ ഗൗരവപൂര്‍വ്വം ചിന്തിപ്പിക്കേണ്ടതാണെന്നും കോടിയേരി ഓര്‍മിപ്പിച്ചു.

കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസും ആര്‍എസ്എസും തയ്യാറാകണം. യാതൊരു പ്രകോപനത്തിലും പെടരുതെന്നാണ് പാര്‍ട്ടി പരസ്യമായി അഭ്യര്‍ഥിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും അതിനായുള്ള  പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കൊലപാതക രാഷ്ട്രീയത്തിനെതിരെ  പ്രചരണ പരിപാടികള്‍ പാര്‍ട്ടി  ഘടകങ്ങള്‍ സംഘടിപ്പിക്കണം.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനം സമാനതകളില്ലാത്തതാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി കോടിയേരി വ്യക്തമാക്കി. വികസനങ്ങളൊന്നും ചര്‍ച്ചയാകരുതെന്ന് വലതുപക്ഷ ശക്തികള്‍  ആഗ്രഹിക്കുന്നു. അതിനായി ആസൂത്രിത തന്ത്രം പ്രയോഗിക്കുന്നു. ഇത് പ്രാവര്‍ത്തികമാക്കുന്നത് മാധ്യമങ്ങള്‍ വഴിയാണെന്നത് പ്രത്യേകം പരിശോധിക്കണം. ജനതാല്‍പര്യം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് നാം കരുതുന്നു. എന്നാല്‍ മാധ്യമങ്ങള്‍ പൊതുവിലിപ്പോള്‍ കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്നു. ഒപ്പം കോര്‍പറേറ്റ് മാധ്യമം തന്നെയായി അവര്‍ മാറുന്നു.


അതിനാല്‍ കോര്‍പറേറ്റുകള്‍ക്ക്‌ വിരുദ്ധമായ ഒരു ചര്‍ച്ചയും നടത്താന്‍ ശ്രമിക്കുന്നില്ല. ഇതിന്റെ ഉദാഹരണമാണ് കര്‍ഷക ബില്ല്. അത് ചര്‍ച്ചയാകാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ചിലര്‍ ഒരു ദിവസം ചര്‍ച്ചയാക്കി. എന്നാല്‍ അത് നിരന്തരം ചര്‍ച്ചയാക്കണമെന്ന താല്‍പര്യം മാധ്യമങ്ങള്‍ക്കില്ല. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ സമീപനം കേരളത്തില്‍  പരമാവധി ആയിരിക്കുന്നു. ചിലര്‍ തുറന്ന് പറഞ്ഞ് തന്നെ ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നു. ഈ നിലപാട് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും കോടിയേരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *