ബൈഡൻ വിജയത്തിനരികിൻ

Share

ന്യു യോർക്ക്‌:യു.എസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നീളുമ്പോൾ അനിശ്ചിതത്വം തുടരുന്നു. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഇലക്ടറൽ കോളേജിലേക്ക്‌ 264 അംഗങ്ങളെ ഉറപ്പാക്കി ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിനരികിലാണ്‌.

അദ്ദേഹം എണ്ണായിരത്തോളം വോട്ടിന്‌ (0.6 ശതമാനം) മുന്നിലുള്ള നെവാഡയിലും വിജയിച്ചാൽ ആറ്‌ അംഗങ്ങളെക്കൂടി ലഭിക്കും. അതോടെ പ്രസിഡന്റാകാൻ ആവശ്യമായ 270 അംഗങ്ങൾ ഉറപ്പാകും. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ 214 അംഗങ്ങളായിബൈഡന്റെ വിജയം തടയാൻ റിപ്പബ്ലിക്കൻ പാർടി പല സംസ്ഥാനങ്ങളിലും വോട്ടെണ്ണലിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്‌.

എല്ലാ വോട്ടും എണ്ണണം എന്ന്‌ ബൈഡൻ വ്യാഴാഴ്‌ച രാവിലെ ട്വീറ്റ്‌ ചെയ്‌തു. മറുപടിയായി, വോട്ടെണ്ണൽ നിർത്തണം എന്ന്‌ ഒരുമണിക്കൂർ കഴിഞ്ഞ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു.നെവാഡയ്‌ക്കു പുറമെ ജോർജിയ, പെൻസിൽവാനിയ, ഉത്തര കാരലൈന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിലാണ്‌ ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ. ഈ നാല്‌ സംസ്ഥാനവും ലഭിച്ചാൽമാത്രമേ ട്രംപിന്‌ ജയിക്കാനാകൂ.

അമേരിക്കൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ വോട്ട്‌ ചെയ്‌ത യുഎസ്‌ കോൺഗ്രസിന്റെ പ്രതിനിധിസഭയിലും സെനറ്റിലും ആർക്കും ഇതുവരെ ഭൂരിപക്ഷം ആയിട്ടില്ല. 435 അംഗ പ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക്‌ 208 സീറ്റും റിപ്പബ്ലിക്കന്മാർക്ക്‌ 190 സീറ്റുമായി. 37 സീറ്റിൽ കൂടി ഫലം അറിയാനുണ്ട്‌. 100 അംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക്‌ 48, ഡെമോക്രാറ്റുകൾക്ക്‌ 46 എന്നാണ്‌ ഒടുവിലെ നില. രണ്ട്‌ സ്വതന്ത്രരും സഭയിലുണ്ട്‌. നാല്‌ സീറ്റിലെ ഫലം വരാനുണ്ട്‌.വോട്ടെണ്ണൽ തടയരുതെന്ന്‌ ആവശ്യപ്പെട്ട്‌ നഗരങ്ങളിൽ പ്രകടനങ്ങൾ നടക്കുകയാണ്‌. ഒറിഗോണിലെ പോർട്‌ലൻഡിൽ കലാപത്തെതുടർന്ന്‌ നാഷണൽ ഗാർഡിനെ രംഗത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *