ന്യുയോർക്ക്:ജോ ബൈഡനും കമല ഹാരിസും വൈറ്റ്ഹൗസിലേക്കെന്ന് ഏറെക്കുറെ ഉറപ്പിച്ചു’ ജോർജിയ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളും ഡെമോക്രാറ്റിക് പക്ഷത്തേക്ക്. വോട്ടെണ്ണൽ അവസാനഘട്ടത്തിലായ ഇരുസംസ്ഥാനത്തും പ്രസിഡന്റ് ഡോണൾഡ് ട്രംപിനുണ്ടായിരുന്ന ലീഡ് മറികടന്ന് ബൈഡൻ മുന്നിലെത്തി.
ഈ സംസ്ഥാനങ്ങളിലും നേരത്തേ തന്നെ മുന്നിലുള്ള നെവാഡയിലും വിജയം ഉറപ്പിക്കാനായാൽ ബൈഡന് 300ന് മേൽ ഇലക്ടറൽ വോട്ട് ലഭിക്കും. അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 538 അംഗ ഇലക്ടറൽ കോളേജിൽ 270 വോട്ടാണ് വിജയത്തിന് ആവശ്യം.ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന നിലപാടിൽ റിപ്പബ്ലിക്കന്മാർ നാല് സംസ്ഥാനങ്ങളിൽ കോടതിയെ സമീപിച്ചു.
വിസ്കോൺസിനിൽ വീണ്ടും വോട്ടെണ്ണണം എന്നും റിപ്പബ്ലിക്കന്മാർ ആവശ്യപ്പെട്ടു. നിയമപരമായ വോട്ടുകൾമാത്രം എണ്ണിയാൽ താൻ വിജയിക്കുമെന്ന് ട്രംപ് വൈറ്റ്ഹൗസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രഖ്യാപിച്ചു. പിന്നാലെ ഡെലവേറിൽ സംസാരിച്ച ബൈഡൻ, ട്രംപ് വോട്ടെണ്ണൽ തടയാൻ കോടതിയിലേക്ക് പോവുകയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സംരക്ഷണയത്നത്തിന് സഹായിക്കണമെന്നും ജനങ്ങളോട് അഭ്യർഥിച്ചു.