Share
കൊല്ലം:ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ബുറേവി’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചവരെ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജാഗ്രതാ നടപടികൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു.
ശ്രീലങ്കയിലെ തീരപതനത്തിനുശേഷം ചുഴലിക്കാറ്റ് തെക്കൻ തമിഴ്നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ശനിയാഴ്ചവരെ ഇത് തുടരും. കടൽ പ്രക്ഷുബ്ധമാകും. അസാധാരണ ചുഴലിക്കാറ്റായതിനാൽ കൃത്യമായ സഞ്ചാരപഥം വരുംമണിക്കൂറുകളിലേ വ്യക്തമാകൂവെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.