ബുറേവി ആഞ്ഞുവീശും: തെക്കൻ കേരളം ജാഗ്രതയിൽ

Share

കൊച്ചി:ബുറേവി ചുഴലിക്കാറ്റ് കേരളം കടന്നുപോകുന്നത് വരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റ് ശ്രീലങ്കയെ മറികടന്ന് പാമ്പന് സമീപം മാന്നാര്‍ കടലിടുക്കില്‍ എത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് അര്‍ദ്ധരാത്രിയോട് കൂടിയോ നാളെ പുലര്‍ച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്പോള്‍ ചുഴലിക്കാറ്റിന് അകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിലോമീറ്റര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കരയിലൂടെ സഞ്ചരിക്കുന്നതോടെ ചഴലിക്കാറ്റ് ശക്തി കുറയുകയും അതിതീവ്ര ന്യൂനമര്‍ദമായി മാറി കേരളത്തിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് കേരളത്തിലൂടെ അറബിക്കടലിലേക്ക് കടക്കുകയും ചെയ്യുമെന്നാണ് പ്രവചനം. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിക്കുകയാണെങ്കില്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രം കൊല്ലം-തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുന്നത്. നാളെ പകല്‍ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് എത്താനാണ് സാധ്യത.

കരയിലൂടെ സഞ്ചരിക്കുമ്പോള്‍ കാറ്റിന്റെ ശക്തി കുറഞ്ഞു വരും. നിലവിലെ പ്രവചനം അനുസരിച്ച് കേരളത്തില്‍ എത്തുമ്പോള്‍ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററിലും താഴെയായിരിക്കും.

ചുഴലിക്കാറ്റ് കേന്ദ്രം കടന്നുപോകുന്നതിന്റെ വടക്ക് ഭാഗങ്ങളില്‍ കൂടുതല്‍ മഴ ഉണ്ടാകുന്നതാണ് ബുറേവിയുടെ ഇതുവരെയുള്ള സ്വഭാവം. അതുകൊണ്ടുതന്നെ സഞ്ചാരപഥത്തിന് പുറമെ കൊല്ലം ജില്ലയുടെ വടക്കന്‍ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിമീ വരെ വേഗതയുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കാം. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

വലിയ പ്രളയ സാഹചര്യം നിലവില്‍ പ്രതീക്ഷിക്കുന്നില്ല. ശക്തമായ കാറ്റില്‍ മേല്‍ക്കൂര ശക്തമല്ലാത്ത വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അപകടങ്ങള്‍ സംഭവിക്കാം. മരം, പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം പൊട്ടിവീണുള്ള അപകടങ്ങള്‍ പ്രതീക്ഷിക്കാം. 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2020 നവംബര്‍ 28നുതന്നെ ചുഴലിക്കാറ്റ് രൂപീകരണ സാധ്യത മനസ്സിലാക്കിയിരുന്നു. അത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകളും തയ്യാറെടുപ്പ് നിര്‍ദേശങ്ങളും ജില്ലാ ദുരന്ത നിവരാണ അതോറിറ്റികള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബര്‍ 30ന് അര്‍ദ്ധരാത്രിയോടുകൂടി മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. കടലില്‍ പോയവരെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടികള്‍ ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തി.

മല്‍സ്യബന്ധന ഗ്രാമങ്ങളിലും ഹാര്‍ബറുകളിലും അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വഴി തീരദേശ ജനതയിലേക്ക് മുന്നറിയിപ്പ് എത്തിച്ചു. മുന്നറിയിപ്പ് പ്രഖ്യാപിച്ച 7 ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവലോകന യോഗം ചേര്‍ന്നു. തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *