ബി.ജെ.പി.യുടെ വിജയയാത്ര ഇളക്കിമറിക്കും;ഒറ്റപ്പെട്ട എതിര്‍ശബ്‌ദവും ഉയരുന്നു

Share

തുളസിത്തറ

തിരുവനന്തപുരം: യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ജാഥകള്‍ക്കു പിന്നാലെ ഞായറാഴ്‌ച കാസര്‍കോടു നിന്ന്‌ ആരംഭിച്ച വിജയയാത്ര സംസ്ഥാന രാഷ്‌ട്രീയത്തെ ഇളക്കിമറിക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്‍ നയിക്കുന്ന യാത്രയുടെ മുഖ്യ ആകര്‍ഷണം മെട്രോമാന്‍ ഇ.ശ്രീധരന്റെ പങ്കാളിത്തമാണ്‌. സുരേന്ദ്രന്റെ ജാഥയ്‌ക്കെതിരേ ഒറ്റപ്പെട്ട ചില എതിര്‍ശബ്‌ദങ്ങളും ഉയര്‍ന്നിട്ടുണ്ട്‌. തന്നെ അറിയിച്ചിട്ടില്ലെന്നും താന്‍ പങ്കെടുക്കില്ലെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവ്‌ പി.പി.മുകുന്ദന്‍ അറിയിച്ചു.

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്ന വിജയയാത്ര ഓരോ ജില്ലയിലും എത്തുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ അടക്കം പങ്കെടുക്കും. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കം കൂടിയായിരിക്കും ഇത്‌. എന്നാല്‍ ആള്‍ക്കൂട്ടം വോട്ടാകില്ലെന്നും അതുകൊണ്ട്‌ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുമെന്ന്‌ പറയാന്‍ കഴിയില്ലെന്നും പി.പി.മുകുന്ദന്‍ സര്‍ക്കാര്‍ ഡെയ്‌ലിയോടു പറഞ്ഞു.

ഇ.ശ്രീധരനെപ്പോലെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ടാണ്‌ ബി.ജെ.പി. അവതരിപ്പിക്കുന്നത്‌. പാലക്കാട്‌, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഒരു എ ക്ലാസ്സ്‌ മണ്‌ഡലത്തിലായിരിക്കും അദ്ദേഹം ജനവിധി തേടുക. ആര്‍.എസ്‌.എസിന്റെയും ബി.ജെ.പി.യുടെയും അഖിലേന്ത്യാ ബുദ്ധിജീവികളില്‍ ഒരാളായ പി.ബാലശങ്കര്‍ ജന്മനാടായ ചെങ്ങന്നൂരില്‍ മത്സരിക്കും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ്‌ ഗോപി മികച്ച പ്രകടനം കാഴ്‌ചവച്ച തൃശ്ശൂര്‍ പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ ഏതെങ്കിലും ഒരു നിയമസഭാ സീറ്റില്‍ നിന്ന്‌ അദ്ദേഹം മത്സരിച്ചേക്കും.

തൃശ്ശൂര്‍ ജില്ലയിലെ മറ്റൊരു നിയമസഭാ മണ്‌ഡലത്തില്‍ മുന്‍ ഡി.ജി.പി. ജേക്കബ്‌ തോമസ്‌ ജനവിധി തേടും.
ബി.ജെ.പി. സംസ്ഥാനത്ത്‌ ആദ്യമായി താമര വിരിയിച്ച നേമത്ത്‌ ഇക്കുറി ഒ.രാജഗോപാല്‍ മത്സരിക്കാന്‍ സാദ്ധ്യതയില്ല. പകരം വിശ്വഹിന്ദു പരിഷത്ത്‌ നേതാവും മിസ്സോറാം മുന്‍ ഗവര്‍ണ്ണറുമായ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവും.

ഇക്കുറി ബി.ജെ.പി. സംസ്ഥാനഭരണത്തില്‍ എത്തുമെന്ന്‌ ആരും കരുതുന്നില്ല. അവര്‍ ഏതാനും സീറ്റുകളില്‍ ജയിക്കുകയും ചില സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത്‌ എത്തുകയും ചെയ്‌താല്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതു മുന്‍കൂട്ടിയുള്ള മൂലധനമായിരിക്കും. 2026-ല്‍ കേരളത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വരുമെന്ന്‌ പ്രമുഖനായ ഒരു രാഷ്‌ട്രീയ നിരീക്ഷകനും പ്രവചിച്ചിട്ടുണ്ട്‌.

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുകയാണ്‌ സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും ലക്ഷ്യം. അതുകൊണ്ടുതന്നെ അവര്‍ തമ്മില്‍ ഒരു അന്തര്‍ധാര യ്‌ക്കു സാദ്ധ്യതയുണ്ട്‌. ഇത്തവണ എല്‍.ഡി.എഫിന്റെ തുടര്‍ഭരണം ഉണ്ടായാല്‍ കോണ്‍ഗ്രസ്സില്‍ നിന്നു ബി.ജെ.പി.യിലേയ്‌ക്ക്‌ കൂട്ടത്തോടെ കുത്തൊഴുക്ക്‌ ഉണ്ടാകും. അത്‌ കോണ്‍ഗ്രസ്സിന്റെ അടിത്തറ തകര്‍ക്കുകയും 2026-ല്‍ പ്രധാനമത്സരം സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ ആകാനും സാദ്ധ്യതയുണ്ട്‌.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയാലും രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രി ആയാലും മുസ്ലിം ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി ആയിരിക്കുമെന്ന്‌ ഉറപ്പാണ്‌. ആര്‍.എസ്‌.എസും ബി.ജെ.പി.യും ഇത്‌ ഇഷ്‌ടപ്പെടുന്നില്ല. മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തെ ചില ക്രിസ്‌ത്യന്‍ സംഘടനകളും എതിര്‍ക്കുന്നു. ഇത്‌ മദ്ധ്യകേരളത്തില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന യു.ഡി.എഫ്‌. മേധാവിത്വത്തിന്‌ മങ്ങലേല്‍പ്പിക്കും.

ഇന്ധനവില അനുദിനം വര്‍ദ്ധിക്കുന്നത്‌ ബി.ജെ.പി.ക്ക്‌ തിരിച്ചടി ആയേക്കും. ഇന്ധനവില അന്നത്തെ യു.പി.എ. ഗവണ്മെന്റ്‌ ക്രമാതീതമായി കൂട്ടിയെന്ന്‌ ആരോപിച്ചാണ്‌ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്‌. അന്ന്‌ പെട്രോളിന്റെ വില 62 രൂപ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 92 രൂപ കടന്നു. ഡീസല്‍ വിലയും ആനുപാതികമായി വര്‍ദ്ധിച്ചു. ഡല്‍ഹിയിലെ കര്‍ഷകസമരം പഞ്ചാബിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ തകര്‍ത്തെറിഞ്ഞപോലെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന കേരളം, തമിഴ്‌നാട്‌, പശ്ചിമബംഗാള്‍, ആസ്സാം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി എന്ന കേന്ദ്രഭരണപ്രദേശത്തെയും ജനവിധിയെ സ്വാധീനിക്കുമോ എന്നു സംശയിക്കുന്നവരുണ്ട്‌.

ഇതിനു പുറമേയാണ്‌ ശോഭാ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം. പി.എസ്‌.സി. റാങ്ക്‌ ഹോള്‍ഡര്‍മാരുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അവര്‍ സ്വന്തം നിലയില്‍ 48 മണിക്കൂര്‍ നിരാഹാര സത്യഗ്രഹം നടത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും ഏകപക്ഷീയമായി അവര്‍ പ്രഖ്യാപിച്ചു. അതിനിടെ പി.പി.മുകുന്ദനെപ്പോലെ ഇപ്പോഴും ആര്‍.എസ്‌.എസ്‌.-ബി.ജെ.പി. അണികളില്‍ നല്ല സ്വാധീനമുള്ള ഒരു മുതിര്‍ന്ന നേതാവ്‌ ഇടഞ്ഞുനില്‍ക്കുന്നതും പാര്‍ട്ടിക്ക്‌ തിരിച്ചടിയാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *