ബി.ജെ.പിയിൽ തർക്കം രൂക്ഷം: മൂന്ന് നേതാക്കൾ നേതൃയോഗം ബഹിഷ്കരിച്ചു

Share

തൃശൂർ:ബിജെപിയിലെ ആഭ്യന്തരകലഹം രൂക്ഷമാക്കി, നേതൃയോഗം ബഹിഷ്‌കരിച്ച്‌ സുരേന്ദ്രവിരുദ്ധരായ നേതാക്കൾ. ഒ രാജഗോപാൽ, സി കെ പത്മനാഭൻ,  എ എൻ രാധാകൃഷ്‌ണൻ എന്നിവർ കോർകമ്മിറ്റി യോഗവും ശോഭ സുരേന്ദ്രനും നിരവധി മേഖലാ നേതാക്കളും ഭാരവാഹിയോഗവുമാണ്‌ ബഹിഷ്‌കരിച്ചത്‌.

കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ, പി എം വേലായുധൻ,  കെ പി ശ്രീശൻ എന്നിവർ പരസ്യവിമർശനം നേരത്തെ ഉയർത്തിയിരുന്നു. മുതിർന്ന നേതാക്കൾകൂടി ഇവരോടൊപ്പം ചേർന്നതോടെ പല സ്ഥലങ്ങളിലും  പ്രവർത്തനം നിലച്ചു.

കേരളത്തിലെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌   ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ കേന്ദ്രനേതൃത്വത്തിന്‌ കത്ത്‌ അയച്ചതായും റിപ്പോർട്ടുണ്ട്‌. പി പി മുകുന്ദനും പ്രശ്‌നം പരിഹരിക്കണമെന്ന്‌  ആവശ്യപ്പെട്ടു‌. സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളുടെയും ജില്ല കമ്മിറ്റികളുെടെയും അഭിപ്രായം  മാനിക്കാതെ വി മുരളീധരൻ  ഡൽഹിയിൽ സ്വാധീനിച്ചാണ്‌  സുരേന്ദ്രനെ  പ്രസിഡന്റാക്കിയത്‌.
അന്നുമുതൽ നിസ്സഹകരണം നടത്തുന്ന പി കെ കൃഷ്‌ണദാസ്‌ പക്ഷവും ഇപ്പോൾ ശോഭ സുരേന്ദ്രന്റെ  നിലപാടിനൊപ്പമാണ്‌.

ബിജെപിയിലെ ആഭ്യന്തരകലഹങ്ങൾ  നിരന്തരം  വാർത്തയാകുന്നതിൽ സംഘപരിവാറുകാർ അമർഷത്തിലാണ്‌. അതിനിടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പല സ്ഥലങ്ങളിലും കൂട്ടത്തോടെ ബിജെപിയിൽനിന്നും രാജിവയ്‌ക്കുന്നതും നേതൃത്വത്തെ കുഴപ്പിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *