ബിനീഷ് ബോസുമല്ല; ഡോണു മല്ല: എൻ്റെ രണ്ട് കുട്ടികളുടെ അച്ഛനെന്ന് ഭാര്യ റെനിറ്റ

Share

കൊച്ചി:ബിനീഷ്‌ ബോസുമല്ല, ഡോണുമല്ല. എന്റെ രണ്ട്‌ കുട്ടികളുടെ അച്ഛനാണ്;‌ സാധാരണ മനുഷ്യനാണ്‌’’- ഇഡിയുടെ തടങ്കലിനുശേഷം പുറത്ത്‌ എത്തിയപ്പോൾ കണ്ണീരടക്കി ഉറച്ച ശബ്ദത്തിൽ ബിനീഷിന്റെ ഭാര്യ റെനീറ്റ മാധ്യമങ്ങളോട്‌ പറഞ്ഞു.  

ബുധനാഴ്‌ച രാവിലെയാണ്‌ അമ്മയ്‌ക്കും അച്ഛനും ഇളയ മകൾക്കും ഒപ്പം ഇവിടെ എത്തിയത്‌. മൂത്തമകളെ സ്വന്തം വീട്ടിലാക്കിയിട്ടാണ്‌ വന്നത്‌. ഉടൻ തിരിച്ചുപോകാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അത്‌.

എന്നാൽ, മരുതംകുഴിയിലെ വീട്ടിൽ കയറിയപാടെ ഇഡി മൊബൈൽ ഫോൺ വാങ്ങിവച്ചു. വാതിൽ അടച്ചു. രാത്രി ഏഴോടെ ഡെബിറ്റ്‌ കാർഡ്‌ കിട്ടിയെന്നും വീട്ടിൽനിന്ന്‌ ലഭിച്ചതാണെന്ന്‌  ഒപ്പിട്ട്‌ നൽകണമെന്നും ആവശ്യപ്പെട്ടു. അത്‌ വീട്ടിൽനിന്ന്‌ ലഭിച്ചതല്ലെന്ന്‌ ഉറപ്പായിരുന്നു. അതിനാൽ ഒപ്പിട്ട്‌ നൽകിയില്ല. നിങ്ങൾ കൊണ്ടുവന്നതാണെന്ന്‌ രേഖയിൽ എഴുതിയാൽ ഒപ്പിട്ട്‌ നൽകാമെന്ന്‌ പറഞ്ഞു.

ഇതോടെ അവരുടെ ഭാവം മാറി. ബിനീഷിനെ രക്ഷപ്പെടുത്തണമെങ്കിൽ ഒപ്പിട്‌. ഇല്ലെങ്കിൽ കുരുക്ക്‌ മുറുകും, പ്രശ്‌നമാകും, എന്നെല്ലാം പറഞ്ഞു. വഴങ്ങാഞ്ഞതോടെ ബിനീഷിനെക്കൊണ്ട്‌ പറയിപ്പിച്ചാൽ ഒപ്പിടുമോ എന്ന്‌ ചോദിച്ചു. നിങ്ങൾ ഇതിൽ ഒപ്പിടാത്തതുകൊണ്ടാണ്‌ അവനെ വിടാത്തത്‌. എന്ത്‌ പറഞ്ഞാലും ജയിലിൽ പോകേണ്ടിവന്നാലും ഒപ്പിടില്ലെന്ന്‌ തീർത്ത്‌ പറഞ്ഞു. ഈ വീട്ടിൽ നിന്നാണ്‌ നിങ്ങൾക്കത്‌ കിട്ടിയതെങ്കിൽ എന്തുകൊണ്ട്‌ പരിശോധന തീർന്ന ഉടൻ കാണിക്കാതിരുന്നത്‌ എന്ന ചോദ്യത്തിന്‌ അവർക്ക്‌ മറുപടിയുണ്ടായില്ല.

ഇതിനിടെ ഇഡി ഉദ്യോഗസ്ഥർ ആരോടോ ഫോണിൽ വിളിച്ചു. ‘വീട്ടിൽനിന്ന്‌ ഒന്നും കിട്ടിയില്ല’എന്ന്‌ അവർ പറയുന്നതും  കേട്ടു.
ആരെയും പുറത്തേക്ക്‌ പോകാൻ അനുവദിച്ചിരുന്നില്ല. 

ഇഡി ആവശ്യപ്പെട്ടതെല്ലാം നൽകി. ഇ മെയിൽ ഐഡി, പാസ്‌വേഡ്‌ എന്നിവ കൈമാറി. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ എല്ലാം ബിനീഷ്‌  നേരത്തേ നൽകിയിട്ടുണ്ട്‌. പേരിന്‌ മാത്രമാണ്‌  ഇഡിയുടെ പരിശോധന. എല്ലാവിവരങ്ങളും തങ്ങളുടെ കൈയിലുണ്ടെന്ന്‌ അവർതന്നെ പറയുന്നു‌. പിന്നെ എന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ഇഡിയുടെ മാനസിക പീഡനം വാക്കുകൾക്ക്‌ അതീതമായിരുന്നു’’–- റെനീറ്റ പറഞ്ഞു.

സ്‌ത്രീകളെമാത്രം വീട്ടിൽ നിർത്തി തന്നെ ഇറക്കിവിട്ടെന്ന്‌ കാട്ടി റെനിറ്റയുടെ അച്ഛൻ എസ്‌ ആർ പ്രദീപ്‌ ഇ ഡി ഡയറക്‌ടർക്ക്‌ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *