ബാലഭാസ്കറിന്റെ മരണത്തിൽ നുണപരിശോധന അപകട ദിനത്തിൽ തന്നെ

Share

കൊച്ചി:വയലിനിസ്‌റ്റ്‌ ബാലഭാസ്‌‌കറിന്റെ മരണത്തിൽ സിബിഐ നുണപരിശോധന നടത്തുന്നത്‌ ‘അതേ ദിനത്തിൽ’. 2018 സെപ്‌തംബർ 25നാണ്‌ ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്‌. ഈ തീയതിയില്‍തന്നെ നുണപരിശോധനയും നടത്തും.

പ്രകാശ്‌ തമ്പി, അർജുൻ എന്നിവരെയാണ്‌ പരിശോധനയ്ക്ക്‌ വിധേയരാക്കുന്നത്‌. അന്വേഷണത്തിന്‌ നേതൃത്വം നൽകുന്ന സിബിഐ സംഘം വ്യാഴാഴ്‌ച കൊച്ചിയിലേക്ക്‌ തിരിക്കും.

പരിശോധന നടത്തുന്ന ഫോറൻസിക്‌ വിദഗ്‌ധർ വെള്ളിയാഴ്‌ച പുലർച്ചെയെത്തും. നുണപരിശോധനയിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ സിബിഐ. വിദഗ്‌ധ സംഘം സിബിഐയുടെ സഹായത്തോടെ ചോദ്യങ്ങൾ തയ്യാറാക്കും.  

സ്വർണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങളും ആരായും. ചുരുങ്ങിയത്‌ ഒരാഴ്‌ചയ്ക്കകം നുണപരിശോധനയുടെ രേഖാമൂലമുള്ള റിപ്പോർട്ട്‌ ലഭിക്കുമെന്ന്‌ കരുതുന്നതായി സിബിഐ വ്യക്തമാക്കി. ശനിയാഴ്‌ച കലാഭവൻ സോബി, വിഷ്‌ണു സോമസുന്ദരം എന്നിവര്‍ക്കും നുണപരിശോധന നടത്തും.

തൃശൂർ വടക്കുംനാഥ ക്ഷേത്ര സന്ദർശനത്തിനു‌ശേഷം തലസ്ഥാനത്തേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ കഴക്കൂട്ടം പള്ളിപ്പുറത്ത്‌ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്‌. മകൾ തേജസ്വിനി ബാല ഉടൻ മരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *