ബംഗ്ളൂർ റോയൽ ചാലഞ്ചേഴ്സ് പുറത്ത്

Share

ഷാർജ: ഐ.പിഎല്ലിൽ നിന്നും ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും കൂട്ടർക്കും മടക്കം.ആറടി ഏഴിഞ്ച്‌ ഉയരമുള്ള കരീബിയൻ ഓൾറൗണ്ടർ ജാസൺ ഹോൾഡർ വിരാട്‌ കോഹ്‌ലിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു.

ഐപിഎൽ ക്രിക്കറ്റിലെ എലിമിനേറ്ററിൽ തോറ്റ്‌ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്‌ പുറത്തായി.  സൺറൈസേഴ്‌സ്‌ ഹൈദരാബാദിന്‌ ആറ്‌ വിക്കറ്റ്‌ ജയം. ടോസ്‌ നേടി പന്തെറിഞ്ഞ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ബാംഗ്ലൂരിനെ 7–-131 റണ്ണിൽ ഒതുക്കിയത്‌ നിർണായകമായി.

ഹോൾഡർ നാല്‌ ഓവറിൽ 25 റൺ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്തു. ഹൈദരാബാദ്‌ 19.4 ഓവറിൽ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു.ഹൈദരാബാദ്‌ നാളെ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ജയിക്കുന്നവർ ചൊവ്വാഴ്‌ച ഫൈനലിൽ മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും.

എ ബി ഡിവില്ലിയേഴ്‌സിന്റെ അർധസെഞ്ചുറിയാണ് ‌(56) ബാംഗ്ലൂരിനെ മൂന്നക്ക സ്‌കോറിൽ എത്തിച്ചത്‌. 32 റണ്ണെടുത്ത ആരോൺ ഫിഞ്ച്‌ മാത്രമാണ്‌ പിന്തുണ നൽകിയത്‌. ഓപ്പണറായി ഇറങ്ങാനുള്ള ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയുടെ തീരുമാനം തെറ്റി.

കോഹ്‌ലി ഏഴു‌ പന്ത്‌ നേരിട്ട്‌ ആറു‌ റണ്ണുമായി മടങ്ങി.  ഹോൾഡറുടെ പന്തിൽ വിക്കറ്റ്‌ കീപ്പർ ഗോസ്വാമി പിടിച്ചു. ഫോമിലുള്ള ദേവ്‌ദത്ത്‌ പടിക്കലിനും അടിതെറ്റി. ഹോൾഡർ ഒറ്ററണ്ണിൽ തീർത്തു.

റണ്ണെടുക്കാതെ മോയിൻ അലി റണ്ണൗട്ടായതോടെ ഡിവില്ലിയേഴ്‌സിലും ശിവം ദുബേയിലുമായി പ്രതീക്ഷ. എന്നാൽ, ഹോൾഡറുടെ രണ്ടാംവരവിൽ എട്ടു റണ്ണെടുത്ത ദുബെ പുറത്തായി. പതിനാറാം ഓവറിലാണ്‌ ബാംഗ്ലൂർ 100 കടന്നത്‌. വാഷിങ്‌ടൺ സുന്ദർ അഞ്ചു‌ റണ്ണെടുത്ത്‌ മടങ്ങി. രണ്ട്‌ വിക്കറ്റെടുത്ത നടരാജന്റെ പന്തിൽ ഡിവില്ലിയേഴ്‌സിന്റെ കുറ്റി തെറിച്ചതോടെ മികച്ച സ്‌കോറെന്ന ബാംഗ്ലൂരിന്റെ സ്വപ്‌നം പൊലിഞ്ഞു.

സ്‌പിന്നർമാരായ ആദം സാംമ്പയും യുസ്‌വേന്ദ്ര ചഹാലും സമർഥമായി പന്ത്‌ തിരിച്ചതോടെ ഹൈദരാബാദിന്റെ വിജയം വൈകി. ഓപ്പണർമാരായ ഡേവിഡ്‌ വാർണറേയും(17 പന്തിൽ 17) ശ്രീവത്‌സ്‌ ഗോസ്വാമിയേയും (പൂജ്യം) മുഹമ്മദ്‌ സിറാജ്‌ മടക്കി.

വാർണറെ വിക്കറ്റ്‌കീപ്പർ പിടികൂടിയത്‌ മൂന്നാം അമ്പയറാണ്‌ വിധിച്ചത്‌. ഡിവില്ലിയേഴ്‌സിന്‌ മൂന്ന്‌ ക്യാച്ചുണ്ട്‌. മനീഷ്‌ പാണ്ഡെയെ (24) സാംമ്പയും പ്രിയം ഗാർഗിനെ (7) ചഹാലും പുറത്താക്കി. കെയ്‌ൻ വില്യംസണും (44 പന്തിൽ 50*) ഹോൾഡറും (20 പന്തിൽ 24*) ക്ഷമയോടെ ബാറ്റ്‌ ചെയ്‌ത്‌ ഹൈദരാബാദിന്‌ അട്ടിമറി ജയമൊരുക്കി. കളിയിലെ താരമായ വില്യംസൺ രണ്ടുവീതം ഫോറും സിക്‌സറും പറത്തി. അഞ്ചാം വിക്കറ്റിൽ 65 റണ്ണെടുത്തു. അവസാന ഓവറിൽ ജയിക്കാൻ വേണ്ട ഒമ്പത്‌ റൺ ഹോൾഡർ രണ്ട്‌ ഫോറിലൂടെ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *