കൊച്ചി:ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ ഇന്ന് ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും.
അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിയ്ക്കുമെങ്കിലും, കാലാവധി നീട്ടാൻ ഇഡി അപേക്ഷ നൽകുമെന്നാണ് സൂചന. കേരളത്തിലെ പരിശോധകളിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇ ഡി കസ്റ്റഡി അപേക്ഷ നൽകുക.
ബിനീഷിന്റെ ബിനാമിയെന്ന് പറയുന്ന അബ്ദുൾ ലത്തീഫിന് ഇഡി നോട്ടിസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഇയാൾ കസ്റ്റഡിയിൽ ഉണ്ടെന്ന സൂചനകളുമുണ്ട്. ലത്തീഫിനെയും ബിനീഷിനെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യമായിരിക്കും ഇഡി പ്രധാനമായും ഉന്നയിക്കുക.
ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കാന്‍ ഇടയില്ല. അന്വേഷണം തുടരുന്നതിനാൽ ജാമ്യം നൽകുന്നതിനെതിരെ ഇഡി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനാൽ തന്നെ അപേക്ഷ വീണ്ടും നൽകേണ്ടതില്ലെന്നാണ് ബന്ധുക്കളുടെ തീരുമാനമെന്നറിയുന്നു.
എന്നാൽ കോടതി അനുവദിച്ച സമയത്തെക്കാൾ കൂടുതൽ നേരം ഇഡിയുടെ ചോദ്യം ചെയ്യൽ നീളുന്നത് നിയമ ലംഘനമാണെന്ന് ബന്ധുക്കൾ കോടതിയെ അറിയിക്കും. എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡി അപേക്ഷ ഉണ്ടായില്ലെങ്കിൽ മാത്രമേ എൻ.സി.ബി ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങുകയുള്ളൂ.