പ്ളാസ് മചികിത്സ: പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

Share

കൊച്ചി: കേരളത്തിൽ കോവിഡ്‌ ചികിത്സയ്ക്കായുള്ള  കോൺവലന്റ്‌ പ്ലാസ്‌മ  തെറാപ്പിയുടെ മാർഗനിർദേശം പുതുക്കി ആരോഗ്യവകുപ്പ്‌ ഉത്തരവിറക്കി. ഇനിമുതൽ നിർദിഷ്‌ട അളവിൽ ആന്റിബോഡി ഉള്ളവരിൽനിന്ന്‌ മാത്രമാകും പ്ലാസ്‌മ സ്വീകരിക്കുക. പ്ലാസ്‌മ സ്വീകരിക്കുന്ന ആൾക്ക് ആന്റിബോഡി ഇല്ലെന്നും ഉറപ്പുവരുത്തും.  പുതിയ ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മാർഗനിർദേശങ്ങൾ പുതുക്കിയത്‌.

കോവിഡ് ബാധിച്ച് 10 ദിവസത്തിനുള്ളിൽ ഓക്‌സിജൻ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള രോഗികൾക്കായിരിക്കും  പ്ലാസ്മ തെറാപ്പി നൽകുക. 24 മണിക്കൂറിലെ ഇടവേളയിൽ 200 എംഎൽ വീതം 400 എംഎൽ പ്ലാസ്‌മയാണ്‌ രോഗിക്ക്‌ നൽകുക. രണ്ടാമത്‌ നൽകുന്ന പ്ലാസ്‌മ ആദ്യത്തേതിൽനിന്ന്‌ വ്യത്യസ്‌തമായ ദാതാവിൽനിന്ന്‌ ലഭ്യമാക്കാൻ ശ്രമിക്കും. യോജിക്കുന്ന പ്ലാസ്‌മ ലഭിച്ചില്ലെങ്കിൽ ആദ്യത്തെ ദാതാവിൽനിന്നുതന്നെ പ്ലാസ്‌മ ലഭ്യമാക്കും.
18 മുതൽ 65 വരെ പ്രായമുള്ള പുരുഷൻമാർക്കും ഇതുവരെ ഗർഭം ധരിച്ചിട്ടില്ലാത്ത സ്‌ത്രീകൾക്കും പ്ലാസ്‌മ ദാനം ചെയ്യാം.  50 കിലോയ്ക്ക്‌ മുകളിൽ ഭാരമുണ്ടാകണം. 14 ദിവസം രോഗലക്ഷണമില്ലെങ്കിൽ പ്ലാസ്‌മ നൽകാം. കോവിഡ്‌ നെഗറ്റീവ്‌ ആകണമെന്ന്‌ നിർബന്ധമില്ല. എച്ച്‌ഐവി, എച്ച്‌ബിവി, എച്ച്‌സിവി രോഗങ്ങളില്ലെന്ന്‌ ഉറപ്പാക്കണം. കോവിഡിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡിയായ ഐജിജി 1:640, 13 അബ്‌സോർബൻസ്‌ യൂണിറ്റ്‌/എംഎൽ9, ന്യൂട്രൈലൈസിങ്‌ ആന്റിബോഡി 1:80 എന്നീ അളവുകളിൽ  ആന്റിബോഡികളിൽ ഏതെങ്കിലുമൊന്ന്‌ പ്ലാസ്‌മാ ദാതാവിന്‌ ഉണ്ടാകണം.
കോവിഡ്‌ ആദ്യഘട്ടത്തിലുള്ള രോഗികൾക്കും മൂന്നുമുതൽ ഏഴുവരെ രോഗലക്ഷണങ്ങളുള്ളവർക്കും അവരുടെ സമ്മതത്തോടെ പ്ലാസ്‌മ ചികിത്സ നൽകും. രോഗലക്ഷണങ്ങൾ പത്തു ദിവസത്തിൽ കൂടരുത്‌. ദയനീയാവസ്ഥയിലുള്ള രോഗികൾക്ക്‌ പ്ലാസ്‌മ ചികിത്സ നൽകുന്നത്‌ സംബന്ധിച്ചും മാർഗനിർദേശമായി. മിതമായ രോഗലക്ഷണങ്ങളുള്ള രോഗികളെ ചികിത്സിക്കാൻ, മെഡിക്കൽ ബോർഡിൽനിന്നോ സംസ്ഥാന മെഡിക്കൽ ബോർഡിൽനിന്നോ അനുമതി വാങ്ങണം. രോഗിയുടെയോ ബന്ധുവിന്റെയോ അനുവാദത്തോടെ മാത്രമായിരിക്കും ചികിത്സയ്ക്ക്‌ അനുമതി നൽകുക.

Leave a Reply

Your email address will not be published. Required fields are marked *