പ്രാദേശിക വിഷയങ്ങളിൽ രാഹുൽ അഭിപ്രായം പറയേണ്ടതില്ല: ചെന്നിത്തല

Share

തിരുവനന്തപുരം:പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതിന്‌ ഇവിടെ ആളുണ്ട്.  കേന്ദ്ര––സംസ്ഥാന സർക്കാരുകൾ പരസ്‌പരം പഴിചാരുകയാണെന്നാണ് രാഹുൽ പറഞ്ഞത്‌.

അതിൽ എല്ലാമുണ്ട്‌. പിന്നെ, അദ്ദേഹം പ്രാദേശിക വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഞങ്ങൾ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങൾ പറയാൻ ‐ ചെന്നിത്തല പറഞ്ഞു.കോവിഡ്‌ പ്രതിരോധത്തിൽ കേരളം മാതൃകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയത്‌ നിർഭാഗ്യകരമാണെന്നും വയനാട്ടിൽ രാഹുൽ പറഞ്ഞു.

സ്വർണകള്ളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ രാജി  ആവശ്യപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന്‌  ആദ്യം അന്വേഷണത്തിൽ വസ്‌തുതകൾ പുറത്തുവരട്ടെയെന്നായിരുന്നു മറുപടി. ഇതാണ്‌ ചെന്നിത്തലയെ ചൊടിപ്പിച്ചത്‌.

ഇതേ സമയം കേരളത്തിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനത്തെ പ്രശംസിച്ച രാഹുൽഗാന്ധി നല്ലരീതിയിലാണ്‌ കാര്യങ്ങൾ കണ്ടതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.കോൺഗ്രസിന്റെ ദേശീയ നേതാവെന്ന നിലയിൽ രാജ്യത്തെ എല്ലാ പ്രതിരോധപ്രവർത്തനങ്ങളും മനസ്സിലാക്കുന്നയാളാണ്. ഇവിടെ  നടക്കുന്നതിനെ‌ പ്രകീർത്തിച്ചത്‌ സ്വാഭാവികമാണ്‌.  പ്രതിപക്ഷനേതാവ്‌ യോജിക്കുന്നുണ്ടോ എന്നതിൽ താൻ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *