പാലാരിവട്ടം പാലം പുനർനിർമ്മാണം പത്തു ദിവസത്തിനകം: ഇ.എം ശ്രീധരൻ

Share

കൊച്ചി:നിർമാണ പിഴവുമൂലം തകർന്ന പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ പത്തുദിവസത്തിനകം ആരംഭിക്കുമെന്ന്‌ ഡിഎംആർസി മുഖ്യ ഉപദേഷ്‌ടാവ്‌ ഇ ശ്രീധരൻ പറഞ്ഞു. ഇരുവശത്തെയും ഗതാഗതം സുഗമമായി തുടരാൻ കഴിയുംവിധം ബാരിക്കേഡുകൾ സ്ഥാപിച്ച ശേഷമായിരിക്കും പൊളിക്കൽ. പുതിയ പാലം നിർമിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡിഎംആർസി ഒരുവർഷംമുമ്പേ പൂർത്തിയാക്കിയതാണ്‌. നിർമാണം തുടങ്ങി 8–-9 മാസത്തിനുള്ളിൽ പുതിയ പാലം ഗതാഗതത്തിന്‌ തുറക്കാനാകുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

പാലത്തിലെ 102 ഗർഡറുകളും മാറ്റി പുതിയവ‌ സ്ഥാപിക്കണം. പഴയത്‌ മുറിച്ചുനീക്കും. പുതിയ ഗർഡറുകൾ കളമശേരിയിൽ എച്ച്‌എംടിയുടെ സ്ഥലത്തെ മെട്രോ നിർമാണ യാർഡിലാണ്‌ വാർക്കുന്നത്‌. 17 സ്‌പാനുകളും നീക്കണം. തൂണുകളും മുകൾഭാഗവും ബലപ്പെടുത്തണം. മുഴുവൻ ലോഹ ബെയറിങ്ങുകളും മാറ്റി പുതിയത്‌ സ്ഥാപിക്കണം. പൊളിക്കലും പുതിയപാലത്തിന്റെ നിർമാണവും ഊരാളുങ്കൽ സൊസൈറ്റി ചെയ്യും.

അവർ പദ്ധതിയിൽനിന്ന്‌ പിൻവാങ്ങുന്നുവെന്ന്‌ നേരത്തെ അറിയിച്ചിരുന്നു. ഡിഎംആർസി നിർമാണ ചുമതല ഏറ്റെടുക്കില്ല എന്ന്‌ തീരുമാനിച്ചതിനാലാണ്‌ അവരും ആ തീരുമാനമെടുത്തത്‌. ഡിഎംആർസിയുടെ ജോലിയായതിനാൽ വളരെ കുറഞ്ഞ തുകയ്‌ക്കാണ്‌ കരാർ വച്ചതെന്നും ഡിഎംആർസി ഇല്ലെങ്കിൽ ചെയ്യാനാകില്ലെന്നുമായിരുന്നു അവരുടെ തീരുമാനം. ഡിഎംആർസി തുടരുമ്പോൾ നിർമാണം ഏറ്റെടുക്കാൻ‌ തടസ്സമില്ലെന്ന് ‌ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ കഴിഞ്ഞ ദിവസം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *