പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കാൻ ഗവർണർക്ക് കത്ത് നൽകും

Share

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുറ്റപത്രം തയ്യാറാക്കാനുള്ള നടപടി വിജിലൻസ്‌ ആരംഭിച്ചു. ഇതിന്റെ ഭാഗമായി  പ്രതികളായ വി കെ ഇബ്രാഹിംകുഞ്ഞ്‌  ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി ആവശ്യപ്പെട്ട്‌ വിജിലൻസ്‌ അടുത്തദിവസം സർക്കാരിന്‌ കത്ത്‌ നൽകും.

നിയമസഭാംഗമായതിനാൽ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ   ഗവർണറുടെ അനുമതി വേണം. കേസിൽ  പ്രതിചേർക്കാൻ  ഗവർണർ നേരത്തേ അനുമതി നൽകിയിരുന്നു. കേസിൽ ഉന്നത ഉദ്യോഗസ്ഥരടക്കം 17 പ്രതികളാണുള്ളത്‌.  പ്രോസിക്യൂഷൻ അനുമതി  ആവശ്യപ്പെട്ട്‌ രണ്ടാഴ്‌ചയ്‌ക്കകം ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ റിപ്പോർട്ട്‌ നൽകുമെന്ന്‌ വിജിലൻസ്‌ ഐജി എച്ച്‌ വെങ്കിടേഷ്‌ പറഞ്ഞു.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിർമിച്ച പാലത്തിൽ വിള്ളൽ കണ്ടതോടെയാണ്‌ വിജിലൻസ്‌ അന്വേഷണം ആരംഭിച്ചത്‌. അഞ്ചാം പ്രതിയായ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ക്രമക്കേട്‌ നടത്തിയതിന്‌ വിജിലൻസിന്‌ വ്യക്തമായ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്‌,  കരാർ കമ്പനി ആർഡിഎസ്‌ പ്രോജക്ട്‌ എംഡി സുമിത്‌ ഗോയൽ, കിറ്റ്‌കോ ജനറൽ മാനേജർ ബെന്നിപോൾ, റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌  കോർപറേഷൻ കേരള (ആർബിഡിസികെ) അസി. ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരും പ്രതികളാണ്‌.

പൊതുമരാമത്ത്‌, കിറ്റ്‌കോ, ആർബിഡിസികെ തുടങ്ങിയവയുടെ തലപ്പത്തുണ്ടായിരുന്ന ചില മുതിർന്ന ഉദ്യോഗസ്ഥർ കുറ്റപത്രത്തിൽ പ്രതിസ്ഥാനത്ത്‌ വരും. രൂപകൽപ്പന നടത്തിയ ബംഗളൂരുവിലെ നാഗേഷ്‌ കൺസൾട്ടൻസി  ഉദ്യോഗസ്ഥരും കേസിൽ പ്രതിയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *