കോട്ടയം:കോവിഡ് പശ്ചാത്തലത്തിൽ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിന് നിരോധനം തുടരും. തുലാമാസ പൂജയ്ക്ക് എത്തുന്നവർക്ക് ജലസേചനം, ദേവസ്വം ബോർഡ്, വാട്ടർ അതോറിറ്റി വകുപ്പുകൾ ചേർന്ന് കുളിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. സ്ഥലം കണ്ടെത്തുന്നതിനും കുളിക്കുന്ന വെള്ളം വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കാനും തിരുവല്ല സബ് കലക്ടറെ ചുമതലപ്പെടുത്തി. ശനിയാഴ്ച ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുമായി സബ് കലക്ടർ പമ്പയിൽ സന്ദർശനം നടത്തും.
മാസപൂജയ്ക്ക് പമ്പയിലേക്ക് താൽകാലികമായി ചെറിയ വാഹനങ്ങൾ കടത്തിവിടാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഓഫീസർമാരുടെ യോഗത്തിൽ തീരുമാനമായി. ആരോഗ്യ വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ ആന്റിജൻ പരിശോധന നടത്തും. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഫയർ ഫോഴ്സിന്റെ ഓരോ ടീമിനെ വിന്യസിക്കും.