പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം – റവന്യൂമന്ത്രി കെ രാജൻ

Share

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സ്വന്തമായി ഭൂമിയെന്ന സ്വപ്നം  യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂമന്ത്രി കെ രാജൻ. ഭൂപരിഷ്കരണം എന്ന ആശയം പൂർണമാകുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സർവ്വെ, യുണീക് തണ്ടപേര് തുടങ്ങിയവ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. മണിയൻകിണർ ആദിവാസി ഊര് സന്ദർശിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. അനർഹരായവരുടെ കൈയിൽ നിന്ന് പിടിച്ചെടുക്കുന്ന ഭൂമി ഭൂരഹിതർക്ക് നൽകാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അനർഹമായി പലരുടെയും കൈവശം ഭൂമിയുണ്ട്. എന്നാൽ യുണീക് തണ്ടപേര് നടപ്പിലാക്കുന്നതോടെ ഒരാൾ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ അളവ് കൃത്യമായി അറിയാൻ കഴിയും. 

യുണീക് തണ്ടപേര് നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെയും അംഗീകാരം വേണം. സർക്കാരിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രത്തിന്റെ ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയം ഔപചാരികമായി ഈ നടപടി ക്രമങ്ങൾക്ക് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഭൂമിക്കും രേഖയാകുന്നതോടെ അനധികൃത ഭൂമി കണ്ടെത്താനാകും. ഭൂമിയുടെ മേൽ കൈവശരേഖ ഉള്ളവരെ പട്ടയത്തിന്റെ  അവകാശികളാക്കാൻ സർക്കാർ നിയമപരമായി നേതൃത്വം നൽകുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, മെമ്പർമാർ, ജനപ്രതിനിധികൾ എന്നിവരും മന്ത്രിയോടൊപ്പം ഊര് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *