നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെ തിരയുന്നു*

Share

തുളസിത്തറ

തിരുവനന്തപുരം: ബിജെപി സംസ്ഥാനത്ത് ഇതാദ്യമായി നിയമസഭയിൽ താമര വിരിയിച്ച നേമത്ത് കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയെ തിരയുന്നു. 82ൽ മാളയോടൊപ്പം കെ കരുണാകരൻ വിജയിച്ച നേമത്ത് ഇക്കുറി ഉമ്മൻചാണ്ടിയുടെ പേര് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശിച്ചെങ്കിലും പുതുപ്പള്ളി വിടാൻ മുൻമുഖ്യമന്ത്രി തയ്യാറല്ല.ഉമ്മൻചാണ്ടി ഒരു തിരഞ്ഞെടുപ്പ് റെക്കോഡിന് അരികിലാണ്.

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ 1970 മുതൽ തുടർച്ചയായി തോൽക്കാതെ ജയിച്ചു വരുന്ന അദ്ദേഹം ഇതിനകം 50 വർഷം പൂർത്തിയാക്കി കഴിഞ്ഞു. അടുത്ത ഒരു ടേം കൂടി പൂർത്തിയാക്കിയാൽ 55 വർഷമാകും.

നിലവിൽ ഒരു മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം തോൽക്കാതെ എംഎൽഎ ആയതിനുള്ള റെക്കോഡ് പരേതനായ കെ എം മാണിയുടെ പേരിലാണ്. 1965 മുതൽ അദ്ദേഹം മരിച്ച 2019 വരെ പാലായിൽ നിന്നുള്ള ജനപ്രതിനിധി ആയിരുന്നു. എന്നാൽ 65ൽ നിയമസഭ കൂടിയിരുന്നില്ല. 1967 മുതലാണ് അദ്ദേഹത്തിന്റെ എംഎൽഎ കാലഘട്ടം. അങ്ങനെ വരുമ്പോൾ 52 വർഷമാണ് കെ എം മാണി എംഎൽഎ ആയിരുന്നത്. രണ്ടു വർഷം കൂടി എംഎൽഎ ആയാൽ മാണിയുടെ റെക്കോഡ് ഉമ്മൻചാണ്ടി തിരുത്തും.

അതിനിടെ നേമത്ത് മത്സരിക്കാനൊന്നും ഉമ്മൻചാണ്ടി തയ്യാറല്ല-മത്സരിച്ചാൽ ജയ സാധ്യത ഉണ്ടെങ്കിൽ കൂടി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും  ജനതാദൾ(യു)വിനാണ് നേമം സീറ്റ് യുഡിഎഫ് നൽകിയിരിക്കുന്നത്. 2011ൽ ചാരുപാറ രവിയും 2016ൽ വി സുരേന്ദ്രൻപിള്ളയും യഥാക്രമം 22000 വോട്ടും 13000 വോട്ടും ആണ് അവർ പിടിച്ചത്.

എൽജെഡി എന്ന് പേര് മാറ്റിയ ജെഡിയു ഇപ്പോൾ യുഡിഎഫിൽ ഇല്ല. അവർ എൽഡിഎഫിന്റെ ഭാഗമാണ്. സിപിഎം-ലെ വി ശിവൻകുട്ടിയാണ് 2016ൽ രണ്ടാം സ്ഥാനത്ത് വന്നത്. അദ്ദേഹത്തെ തന്നെ പാർട്ടി പരിഗണിച്ചേക്കും. രണ്ടു തവണ മത്സരിച്ചയാൾ എന്ന നിലയിൽ അദ്ദേഹത്തെ മാറ്റി നിർത്തിയാൽ  സിപിഎം ഒരു യുവ നേതാവിനെ അങ്കത്തിലിറക്കുമെന്നും കേൾക്കുന്നു.

ഉമ്മൻചാണ്ടി നേമത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതോടെ കമ്പറ നാരായണൻ, വിജയൻ തോമസ് തുടങ്ങിയവരുടെ പേരുകൾ ചർച്ച ചെയ്യുന്നതായി അറിയുന്നു. കോൺഗ്രസ് ആഭിമുഖ്യമുള്ള സർക്കാർ ജീവനക്കാരുടെ സർവ്വീസ് സംഘടനയായ കേരള എൻജിഒ അസോസിയേഷന്റെ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചയാൾ ആണ് കമ്പറ നാരായണൻ. സംഘടനയുടെ ജനറൽ സെക്രട്ടറി ആയും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരും വിരമിച്ച ജീവനക്കാരും താമസിക്കുന്ന മണ്ഡലമാണ് നേമം. യുഡിഎഫ് നേമം മണ്ഡലം ചെയർമാൻ കൂടിയാണ് കമ്പറ നാരായണൻ.

പ്രമുഖ പ്രവാസി വിജയൻ തോമസാണ് നേമം നിയമസഭ മണ്ഡലത്തെ മോഹിക്കുന്ന മറ്റൊരു നേതാവ്. കെപിസിസി മുൻ സെക്രട്ടറിയും കെറ്റിഡിസി മുൻ ചെയർമാനുമാണ് അദ്ദേഹം. ഈ രണ്ടു പേർക്കും പുറമെ മറ്റു ചില കോൺഗ്രസ് നേതാക്കൾക്കും നേമം മണ്ഡലത്തിൽ കണ്ണുണ്ട്.

നേമത്ത് താമര വിരിയിച്ച നേതാവ് ഒ രാജഗോപാൽ ഇക്കുറി മത്സരിക്കാനുള്ള സാധ്യത വിരളമാണ്. പകരം ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസ്സോറാമിലെ  മുൻ ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ ആയിരിക്കും പാർട്ടി സ്ഥാനാർത്ഥി.

Leave a Reply

Your email address will not be published. Required fields are marked *