പുതുച്ചേരി:നിവാർ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മൂന്നു പേർ മരിച്ചു. 101 വീടുകൾ തകർന്നു. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ മാമല്ലാപുരത്തിനു സമീപം മാരക്കാനത്താണ് നിവാർ തീരം തൊട്ടത്. തീരത്തെത്തുമ്പോൾ മണിക്കൂറിൽ 130കിലോമീറ്റർ വേഗതയുണ്ടായിരുന്നു.
അതിത്രീവ്ര ചുഴലിക്കാറ്റായി ആറു മണിക്കൂർ വീശിയടിച്ച നിവാർ തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തീരദേശ മേഖലയിളിലാണ് കനത്ത നാശം വിതച്ചത്.
തമിഴ്നാടിന്റെ വടക്കൻ മേഖലയിൽ നൂറുകണക്കിനേക്കർ കൃഷി നശിച്ചു. പുതുച്ചേരി തീരത്ത് എത്തിയതോടെ നിവാർ വേഗം കുറഞ്ഞ് തീവ്രചുഴലിയായി. ബുധാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴ തമിഴ്നാട്ടിലും പുതുച്ചേരിയിലും വ്യാഴാഴ്ച ഉച്ച വരെ തുടർന്നു. ചെന്നൈ നഗരത്തിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
390 ഇടങ്ങളിലാണ് വെള്ളം കയറിയത്. ബുധനാഴ്ച രാത്രി ഏഴിന് പ്രവർത്തനം നിർത്തിവച്ച ചെന്നൈ വിമാനത്താവളം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തുറന്നു. സബർബൻ ട്രെയിൻ സർവീസ് പകൽ മൂന്നിനും മെട്രോ സർവീസ് വൈകിട്ടും പുനരാരംഭിച്ചു. തുറമുഖങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
വെള്ളം നിറഞ്ഞതോടെ ചെന്നൈ നഗരത്തിന്റെ ജലസേചനത്തിന് പ്രധാന പങ്ക് വഹിക്കുന്ന ചെമ്പരക്കം തടാകത്തിന്റെ ഏഴ് ഷട്ടറുകൾ കൂടി തുറന്നു. രണ്ടര ലക്ഷം ആളുകളെ 5000 ക്യാമ്പുകളിലേക്കുമാറ്റി. സംസ്ഥാനത്തെ കാർഷികാവശ്യത്തിനായുള്ള 1697 ജലസംഭരണികൾ നിറഞ്ഞു.