നാദം നിലച്ചു, എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

Share

ആരാധകരുടെയും ഉറ്റവരുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥന വിഫലമായി. ആ സുന്ദരനാദം ഇനി ഇല്ല, പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊറോണ വൈറസ്് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.

spb1200 2

സെപ്തംബര്‍ എട്ടിന് അദ്ദേഹം കൊറോണ വൈറസില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും ശ്വാസകോശത്തിന്റെ സ്ഥിതി മോശമായി തുടര്‍ന്നു. തുടര്‍ന്ന് സെപ്തംബര്‍ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി വീണ്ടും മോശമാവുകയായിരുന്നു.

തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് അദ്ദേഹം സംഭാവന ചെയ്ത ഗാനങ്ങള്‍ വിലപ്പെട്ടതാണ്. എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചത്. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു. സംഗീതം മാത്രമല്ല, അഭിനയവും തനിക്ക് ഇണങ്ങുമെന്ന് എസ്പിബി തെളിയിച്ചിട്ടുണ്ട്. സിനിമാ പിന്നണി ഗായകന്‍, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ തിളങ്ങി.

എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. അദ്ദേഹം ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടല്‍പ്പാലം. ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം നേടി അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *