തൊഴിലാളി രോഷത്തിൽ രാജ്യം സ്തംഭിച്ചു

Share

ന്യൂഡൽഹി: തൊഴിലാളികളുടെ അവകാശങ്ങൾ  കവരുന്ന കേന്ദ്ര  സർക്കാരിനെതിരെ  തൊഴിലാളി പ്രതിഷേധത്തിൽ രാജ്യം സ്‌തംഭിച്ചു. വ്യവസായശാലകളും കൃഷിയിടങ്ങളും പണിമുടക്കിൽ നിശ്‌ചലമായി.

തൊഴിലാളികളും കർഷകരും തെരുവിലിറങ്ങിയത്‌ കേന്ദ്ര സർക്കാരിന്‌ താക്കീതായി. തൊഴിൽദ്രോഹ ചട്ടങ്ങൾ പിൻവലിക്കുന്നതടക്കം സുപ്രധാനമായ ആവശ്യങ്ങളുന്നയിച്ച്‌ 25 കോടിയിലേറെ തൊഴിലാളികളാണ്‌ വ്യാഴാഴ്‌ച പണിമുടക്കിയത്‌.

തൊഴിലാളികൾക്ക്‌ പിന്തുണയുമായി കർഷകരും കർഷകത്തൊഴിലാളികളും അണിനിരന്നതോടെ നഗരങ്ങളും ഗ്രാമങ്ങളും സ്‌തംഭിച്ചു. കേരളം, ബംഗാൾ, ത്രിപുര, അസം തുടങ്ങി പല സംസ്ഥാനങ്ങളും നിശ്ചലമായി.

കേന്ദ്ര സർക്കാരിനെതിരായി സമീപകാലത്തൊന്നും കാണാത്ത ജനമുന്നേറ്റമാണ്‌ ദൃശ്യമായത്‌. രാജ്യത്തുണ്ടായിരുന്ന 44 തൊഴിൽ നിയമം ദുർബലപ്പെടുത്തി നാല്‌ ചട്ടമാക്കി മാറ്റിയ മോഡി സർക്കാരിനെതിരെയുള്ള തൊഴിലാളി മുന്നേറ്റമായി പണിമുടക്ക്‌.

കോർപറേറ്റുകൾക്കു വേണ്ടി തയ്യാറാക്കിയ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കണമെന്നും കോവിഡ്‌ പ്രതിസന്ധി കണക്കിലെടുത്ത്‌ പ്രതിമാസം 7500 രൂപ ധനസഹായം അനുവദിക്കണമെന്നും അടക്കം പ്രധാനമായും ഏഴ്‌ ആവശ്യം ഉന്നയിച്ചായിരുന്നു പണിമുടക്ക്‌. ബിഎംഎസ്‌‌ ഒഴികെയുള്ള കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്‌ത 24 മണിക്കൂർ പണിമുടക്കിന്‌ ബുധനാഴ്‌ച അർധരാത്രി തുടക്കമായി. 

പണിമുടക്ക്‌ അടിച്ചമർത്താൻ ബിഹാറും ഒഡിഷയും എൻഎസ്‌എ പ്രഖ്യാപിച്ചപ്പോൾ യുപിയിൽ ആറുമാസത്തേക്ക്‌ എസ്‌മ നടപ്പാക്കി. മറ്റ്‌ ബിജെപി ഭരണസംസ്ഥാനങ്ങളും കേന്ദ്രവും പൊലീസിനെ ഉപയോഗിച്ച്‌ പണിമുടക്ക്‌ അടിച്ചമർത്താൻ ശ്രമിച്ചു. ഡൽഹിയിൽ പാർലമെന്റ്‌ സ്‌ട്രീറ്റിൽ ട്രേഡ്‌ യൂണിയൻ നേതാക്കൾ തൊഴിലാളികളെ അഭിവാദ്യം ചെയ്‌തു.

തൊഴിലാളികളുടെയും കർഷകരുടെയും യോജിച്ചു ള്ള മുന്നേറ്റമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു.  അശോക്‌ സിങ്‌ (ഐഎൻടിയുസി), അമർജീത് കൗർ (എഐടിയുസി), ഹർഭജൻസിങ്‌ സിദ്ദു (എച്ച്‌എംഎസ്‌) എന്നിവരും മറ്റ്‌ ട്രേഡ്‌ യൂണിയൻ നേതാക്കളും പാർലമെന്റ്‌ സ്‌ട്രീറ്റിലെ പ്രക്ഷോഭത്തിൽ അണിനിരന്നു.

കേരളത്തിൽ തൊഴിലാളികൾക്കും കർഷകർക്കുമൊപ്പം ജനങ്ങളാകെ പണിമുടക്ക്‌ ഏറ്റെടുത്തതോടെ സംസ്ഥാനം നിശ്ചലമായി. പൊതുഗതാഗതം നിലച്ചു. വ്യാപാരസ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവർത്തനം പൂർണമായി നിലച്ചു. ഇരുചക്ര വാഹനങ്ങളും ഏതാനും സ്വകാര്യവാഹനങ്ങളും മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ആശുപത്രികളിലും ജോലിചെയ്യുന്ന ജീവനക്കാരും തെരഞ്ഞെടുപ്പു ചുമതലയുള്ളവരും ഹാജർ രേഖപ്പെടുത്താതെ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 

അസംഘടിത മേഖലയിലെ തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും തൊഴിലുറപ്പു തൊഴിലാളികളും അണിചേർന്നു. കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കിന്‌ പിന്തുണ അറിയിച്ച്‌ സംസ്ഥാനത്തൊട്ടാകെ പ്രകടനങ്ങൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *