തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് കോൺഗ്രസ് നേതാക്കൾ: എം.വി ജയരാജൻ

Share

കണ്ണൂർ: തെരഞ്ഞെടുപ്പുദ്യോഗസ്ഥരെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തി ചൊൽപ്പടിക്കുനിർത്താൻ ശ്രമിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ, സ്ഥാനാർഥികളെ സിപിഐ എം  ഭീഷണിപ്പെടുത്തുന്നുവെന്ന്‌ പ്രചരിപ്പിക്കുന്നത്‌ തികഞ്ഞ കാപട്യമാണെന്ന്‌ സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.

കണ്ണൂർ കോർപ്പറേഷൻ വരണാധികാരികളിലൊരാളായ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരെ കെ സുധാകരൻ എംപി നേരിട്ടെത്തിയാണ്‌ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്‌. നിശ്‌ചിത സമയത്തിനുശേഷമെത്തിയ കോൺഗ്രസ്‌ വിമത  സ്ഥാനാർഥിക്ക്‌ പത്രിക പിൻവലിക്കാൻ കഴിയാത്തതിന്റെ പേരിലായിരുന്നു ഭീഷണി. മറ്റു ചില ഉദ്യോഗസ്ഥർക്കെതിരെയും കോൺഗ്രസ്‌ നേതാക്കൾ ഫോണിൽക്കൂടി നിരന്തരം ഭീഷണിമുഴക്കുകയാണ്‌.    

സിപി എം ഭീഷണികാരണം ആന്തൂരിലെ മൂന്ന്‌ കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക്‌ ഒളിവിൽ പോകേണ്ടിവന്നുവെന്നാണ്‌ വി ടി ബൽറാം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കള്ളക്കഥ. ആന്തൂരിൽ കോൺഗ്രസിന്‌ 14 സ്ഥാനാർഥികളുണ്ട്‌. മൂന്നുപേരെ ബൽറാം ഒളിവിൽ പാർപ്പിച്ചാണ്‌ സ്ഥാനാർഥിത്വം സംരക്ഷിച്ചതെങ്കിൽ മറ്റു 11 പേരുടെ സ്ഥാനാർഥിത്വം ഇപ്പോഴും നിലനിൽക്കുന്നത്‌ എങ്ങനെയാണ്‌. 

ആന്തൂരിൽ ഒരു കോൺഗ്രസ്‌ സ്ഥാനാർഥിയും പത്രിക പിൻവലിച്ചിട്ടില്ല. എൽഡിഎഫിന്‌ ആറു സീറ്റ്‌ എതിരില്ലാതെ ലഭിച്ചത്‌ യുഡിഎഫുകാർ പത്രിക നൽകാഞ്ഞിട്ടാണ്‌. തലശേരി നഗരസഭയിൽ നിർദേശിക്കാനും പിന്താങ്ങാനും ആളെക്കിട്ടാതെ കള്ളയൊപ്പിട്ട്‌ പത്രിക നൽകിയതും ഒടുവിൽ കേസ്‌ രജിസ്‌റ്റർ ചെയ്യുമെന്നായപ്പോൾ നാണംകെട്ട്‌ പിൻവലിക്കേണ്ടിവന്നതും മറക്കരുത്‌.  എംഎൽഎകൂടിയായ ബൽറാം വായിൽ തോന്നിയതെന്തും വിളിച്ചു പറയാതെ അൽപ്പം മാന്യതയും രാഷ്‌ട്രീയ സത്യസന്ധതയും പുലർത്തണമെന്നും ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *