തെരഞ്ഞെടുപ്പിനൊരുങ്ങി കണ്ണൂർ

Share

കണ്ണൂർ: മൂന്നാം ഘട്ടതദ്ദേശ തെരഞ്ഞെടുപ്പിന് കണ്ണൂർ  സജ്ജമായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കലക്ടർ ടി വി സുഭാഷ്  അറിയിച്ചു. ജില്ലയിൽ ആകെ 20,00,922 വോട്ടർമാരാണുള്ളത്. 9,31,400 പുരുഷന്മാരും 10,69,518 സ്ത്രീകളും നാല് ഭിന്നലിംഗക്കാരും. ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമ പഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, എട്ടു നഗരസഭകൾ എന്നിവിടങ്ങളിലെ 1682 നിയോജകമണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്‌ .

2463 പോളിങ്‌ ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. ഒരു ബൂത്തിൽ അഞ്ചു പേർ എന്ന ക്രമത്തിൽ 12,315 ഉദ്യോഗസ്ഥരെയും നിയോഗിച്ചു. 96 റിട്ടേണിങ്‌ ഓഫീസർമാർ തെരഞ്ഞെടുപ്പ്‌ നിയന്ത്രിക്കും.  പതിനായിരത്തിലേറെ പൊലീസ് സേനാംഗങ്ങൾക്കാണ് തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല. നാലായിരത്തോളം ആരോഗ്യവകുപ്പ് ജീവനക്കാരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലുണ്ട്‌. 16 നോഡൽ ഓഫീസർമാർക്കാണ് ഏകോപനച്ചുമതല.

പ്രശ്നസാധ്യതതയുള്ള 940 ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനം ഏർപ്പെടുത്തി. അഞ്ഞൂറോളം ബൂത്തുകളിൽ വീഡിയോ ചിത്രീകരണത്തിനുള്ള സൗകര്യവും ഉണ്ടാകും. രാഷ്‌ട്രീയ പാർടികളും സ്ഥാനാർഥികളും ആവശ്യപ്പെട്ടതനുസരിച്ച്‌ കോടതി നിർദേശപ്രകാരമാണിത്‌. ഇതിന്റെ ചെലവ്‌ ബന്ധപ്പെട്ട സ്ഥാനാർഥികൾ വഹിക്കണം. ആവശ്യമായ ഇടങ്ങളിൽ കമാൻഡോകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

വോട്ടിങ്‌ യന്ത്രങ്ങളുടെ കമീഷനിങ്‌ പൂർത്തിയായി. ഇവ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ ഞായറാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. കോവിഡ്‌ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാൻ സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്‌. ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ രാവിലെ എട്ട്‌, 10, പകൽ 12, രണ്ട്‌ എന്നിങ്ങനെ നാലു ഷിഫ്‌റ്റായും നഗരസഭകളിൽ രണ്ടു ഷിഫ്‌റ്റായുമാണ്‌ വിതരണം. ഉദ്യോഗസ്ഥർക്ക് പിപിഇ കിറ്റ്, ഫെയ്സ് ഷീൽഡ്, എൻ 95 മാസ്‌ക്ക്‌, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയ കോവിഡ് സുരക്ഷാ സംവിധാനങ്ങൾ നൽകും. കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമുള്ള സ്‌പെഷ്യൽ തപാൽ ബാലറ്റുകളുടെ വിതരണം നടന്നു വരികയാണ്. 

ആരോഗ്യവകുപ്പിന്റെ പട്ടികയിലുൾപ്പെട്ട 7746 വോട്ടർമാരിൽ 3849 പേർക്ക് സ്‌പെഷ്യൽ തപാൽ ബാലറ്റുകൾ വിതരണംചെയ്തു. ഞായറാഴ്‌ച പകൽ മൂന്നുവരെ കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റൈനിൽ പോകുന്നവർക്കുമാണ് സ്‌പെഷ്യൽ തപാൽ ബാലറ്റുവഴി വോട്ടുചെയ്യാനാവുക.

പിന്നീട്‌ ഈ പട്ടികയിൽ പെടുന്നവർക്ക് പോളിങ്‌ ബൂത്തിൽ നേരിട്ടെത്തി വോട്ട്‌ രേഖപ്പെടുത്താം. ഇവർ വൈകിട്ട് അഞ്ചിനും ആറിനുമിടയിലാണ് പോളിങ്‌ സ്‌റ്റേഷനിലെത്തേണ്ടത്. ആറുവരെ എത്തിയ മറ്റ് മുഴുവൻ വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയശേഷമേ സ്‌പെഷ്യൽ വോട്ടർമാർക്ക് വോട്ടുചെയ്യാനാവൂ. അതുവരെ വന്ന വാഹനങ്ങളിൽ കാത്തുനിൽക്കേണ്ടിവരും. ആറിനുശേഷം എത്തുന്നവരെ വോട്ടുചെയ്യാൻ അനുവദിക്കില്ല. 

സ്‌പെഷ്യൽ വോട്ടർമാരും അല്ലാത്തവരും പോളിങ്‌ ബൂത്തിൽ സമ്പർക്കത്തിൽ വരുന്ന സാഹചര്യം ഉണ്ടാവില്ല. ഇവർ എൻ 95 മാസ്‌ക്കും ഗ്ലൗസും ധരിക്കണം. പോളിങ്‌ ഉദ്യോഗസ്ഥരും ഏജന്റുമാരും ഈ സമയത്ത്‌ പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതൽ കൈക്കൊള്ളണം. വോട്ടുചെയ്യുന്നതിന്‌ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന വോട്ടർമാർ എൻ 95 മാസ്‌ക് ധരിച്ചാണ് പോളിങ്‌ സ്‌റ്റേഷനിൽ എത്തേണ്ടത്‌. മറ്റുള്ളവരുമായി ഇടപഴകാൻ പാടില്ല. സംസ്ഥാന അതിർത്തിയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർബന്ധമില്ല. ഏഴ് ദിവസത്തിലധികം നാട്ടിൽ തങ്ങുന്നവർ നിശ്ചിത ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *