തുരുത്തി കോളനിക്കാരുടെ ഫ്ളാറ്റ് നിർമ്മാണം: കൊച്ചി കോർപറേഷന് അതിരൂക്ഷ വിമർശനം

Share

കൊച്ചി: കുടിയൊഴിപ്പിക്കപ്പെടുന്ന തുരുത്തി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ നിർമാണത്തിലെ അനാസ്ഥയ്ക്ക് കൊച്ചി കോർപറേഷന് ‌രൂക്ഷവിമർശം.

നിർമാണവുമായി ബന്ധപ്പെട്ട്‌ നഗരസഭാ കൗൺസിലർമാർ മന്ത്രി എ സി മൊയ്‌തീന്‌ നൽകിയ പരാതിയെ തുടർന്ന്‌ സ്‌റ്റേറ്റ്‌ പെർഫോമൻസ്‌ ഓഡിറ്റർ തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ കോർപറേഷനെ രൂക്ഷമായി വിമർശിച്ചത്‌.സമയബന്ധിതമായി പദ്ധതി തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും വന്ന വീഴ്‌ചകൾ കാരണം കോടിക്കണക്കിന്‌ രൂപയുടെ കേന്ദ്രഫണ്ടാണ്‌ നഗരസഭ നഷ്‌ടത്തിലാക്കുന്നത്‌. കൂടാതെ കരാറുകാരന്‌ സെക്യൂരിറ്റി തുക മടക്കിനൽകിയതിലും കോർപറേഷൻ അധികൃതർ ഗുരുതര വീഴ്‌ചവരുത്തിയതായി പെർഫോമൻസ്‌ ഓഡിറ്റ്‌ റിപ്പോർട്ടിൽ പറയുന്നു.

രാജീവ്‌ ആവാസ്‌ യോജന പദ്ധതിയുടെ കീഴിൽ തയ്യാറാക്കിയ ഡിപിആർമുതൽ പിഴവുകളാണ്‌. വെള്ളം കയറുന്ന കോളനികളിൽ താമസിക്കുന്ന പാവപ്പെട്ടവർക്ക്‌ ഗുണകരമാകേണ്ട പദ്ധതി ഇഴഞ്ഞുനീങ്ങുന്നത് അതിഗൗരവത്തോടെയാണ്‌ കാണേണ്ടത്‌.

12 നിലയുടെ പൂർത്തീകരണത്തിനുശേഷം മാത്രം നൽകേണ്ട സെക്യൂരിറ്റി ഡിപ്പോസിറ്റായ 91,22,875 രൂപ മേയറുടെ മുൻകൂർ അനുമതിപ്രകാരം സെക്രട്ടറി തിരികെ നൽകി. ആദ്യ ടെൻഡറിൽ പ്രീക്വാളിഫിക്കേഷൻ പരാജയപ്പെട്ട കമ്പനിയെത്തന്നെ റീടെൻഡറിലൂടെ തെരഞ്ഞെടുത്തത് ദുരൂഹമാണ്.

സിറ്റ്‌കോ അസോസിയറ്റ്‌സിന്‌ ടെൻഡർ നൽകിയതിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ട്. റീ-ടെൻഡറിന് ആവശ്യമായി പരസ്യം നൽകിയിട്ടില്ല. കരാറിലെ സമയപരിധിയായ 12 മാസം കൗൺസിൽ അംഗീകാരം ഇല്ലാതെ ദീർഘിപ്പിച്ചുനൽകി.

ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ കോർപറേഷൻ  പരാജയമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *