തിരുവാതിര:ശിവൻറെ പിറന്നാൾ  

Share

ക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രം പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്.

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.

പരമശിവനും ശ്രീപാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് ധനുമാസത്തിലെ തിരുവാതിര.

ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതിയായി പുനർജനിച്ച്, ശ്രീപരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി മഹാദേവനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, താരകാസുരന്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണം അയക്കുകയും ശിവന്റെ യോഗനിദ്രക്ക് ഭംഗം വരുകയും ചെയ്തു. അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതി ദേവിയോട് പരാതിപ്പെടുകയും ചെയ്യുന്നു. രതീദേവിയുടെ വിലാപത്തിൽ ദുഖിതരായ ശ്രീപാർവതിയും ദേവസ്ത്രീകളും നോമ്പെടുത്ത് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. അതൊരു മകയിരം നാളിൽ ആയിരുന്നു. തുടർന്ന് അദ്ദേഹം പാർവതീദേവിയിൽ അനുരക്തനാകുകയും ഭഗവതിയെ അർദ്ധാംഗിനിയായി സ്വീകരിക്കുകയും ചെയ്യുന്നു.

ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നത്.

തന്റെ പരമഭക്തയായ യുവതിയുടെ ഭർത്താവ് അകാലത്തിൽ മരിച്ചത് അറിഞ്ഞ ശ്രീപാർവതി യുവതിയുടെ നിലവിളി കേട്ടു മനസ്സലിയുകയും, മൃത്യുഞ്ജയനായ ശ്രീപരമേശ്വരനോട് പരിഭവം പറയുകയും ചെയ്തു. എന്നാൽ ഇത് കർമഫലമാണെന്നു ശിവൻ പറയുകയും അതേത്തുടർന്ന് ഭഗവതി പിണങ്ങി കൈലാസം വിട്ടു പോകാൻ തുനിയുകയും ചെയ്തു. ഉടൻ തന്നെ മഹാദേവൻ യമനെ വിളിച്ചു യുവതിയുടെ ഭർത്താവിന്റെ ജീവൻ തിരികെ നൽകാൻ ആജ്ഞാപിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളെ ശിവപാർവ്വതിമാർ അനുഗ്രഹിക്കുന്നു. അന്ന് ഒരു ധനുമാസത്തിലെ തിരുവാതിരനാൾ ആയിരുന്നു. ഇതാണ് മറ്റൊരു ഐതിഹ്യം.

തിരുവാതിരവ്രതം ഇഷ്ടവിവാഹത്തിനും ദമ്പതികൾക്ക് ഉത്തമദാമ്പത്യത്തിനും വേണ്ടി ആണെങ്കിൽ മകയിരം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണർതംവ്രതം സഹോദരങ്ങൾക്ക് വേണ്ടിയും ആകുന്നു. ഇങ്ങനെ കുടുംബാംഗങ്ങളുടെ ദീർഘായുസിനും ആപത്തിൽ രക്ഷക്കും വേണ്ടി ആണ് തിരുവാതിരവ്രതം നോൽക്കുന്നത് എന്നാണ് വിശ്വാസം. രേവതിനാൾ മുതലാണ് തിരുവാതിരവ്രതം ആരംഭിക്കുന്നത്. തിങ്കളാഴ്ച നോയമ്പും ഉത്തമദാമ്പത്യത്തിന് വേണ്ടിയുള്ള ശിവസന്നിധിയിൽ അർപ്പിക്കുന്ന സമാനമായ മറ്റൊരു വ്രതമാണ്.

തിരുവാതിര ആഘോഷം സംഘകാലത്തുതന്നെ ഉണ്ടായിരുന്നതായി കാണുന്നു. നല്ലാണ്ടുവനാരുടെ ‘പരിപാടൽ‘ എന്ന കൃതിയിൽ, വൈഗൈ നദിയിൽ തിരുവാതിര ദിവസം യുവതികൾ തുടിച്ചുകുളിക്കുന്നതിനെപ്പറ്റി വർണിച്ചിട്ടുണ്ട്. പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന തിരുവാതിരദിവസം ബ്രാഹ്മണർ ഭൂമിയുടെ ഫലസമൃദ്ധിക്കു വേണ്ടി മന്ത്രോച്ചാരണം നടത്തുകയും, യുവതികൾ ഇഷ്ടപ്പെട്ട ഭർത്താവിനെ ലഭിക്കാൻ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു എന്നാൺ പറയപ്പെടുന്നത്. എന്നാൽ ഇന്നു തമിഴ്നാട്ടിൽ ഈ രീതിയിൽ തിരുവാതിര ആഘോഷിക്കുന്നില്ല. ആ പാരമ്പര്യം കേരളമാണ്  തുടർന്നുവരുന്നത്.

‘അംബാവാടൽ‘ എന്നും ഈ ആഘോഷത്തിനു പേരുണ്ട്. അതായത് അംബയെ-ദേവിയെ ആരാധിച്ചുകൊണ്ടുള്ള ആഘോഷം. ‘മാർഗഴി നീരാടൽ‘ എന്നും തിരുവാതിര ആഘോഷത്തെ വിളിച്ചിരുന്നു.

വൃശ്ചികം – ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ്‌ ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്‌. ഏഴരവെളുപ്പിന്‌ ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ്‌ തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *