തിരുവനന്തപുരം വിമാന താവളം ഏറ്റെടുക്കാമെന്ന് വീണ്ടും സംസ്ഥാന സർക്കാർ

Share

തിരുവനന്തപുരം: അദാനി കമ്പനി ക്വോട്ട് ചെയ്‌ത തുകയ്‌ക്ക്‌ തന്നെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്‌ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെഅറിയിച്ചു. ഇക്കാര്യം കാണിച്ച് സംസ്ഥാനം കത്ത് നൽകിയിട്ടും കേന്ദ്രം അവഗണിച്ചെന്നും സർക്കാർ വ്യക്തമാക്കി.

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

മുൻപരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നൽകിയത്‌ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. മുൻപരിചയമുള്ള സർക്കാരിനെ അവഗണിച്ച്,സർക്കാരിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാൽപ്പര്യത്തിന് എതിരാണെന്നും സർക്കാർ ബോധിപ്പിച്ചു.

ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി എസ് ഡയസും അടങ്ങുന്ന ബെഞ്ച് മുമ്പാകെ സർക്കാരിന്റെ പ്രാഥമിക വാദം പൂർത്തിയായി. സർക്കാരിനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ വികാസ് സിങ്‌ ഹാജരായി.

പൊതുതാൽപ്പര്യം പൂർണമായും അവഗണിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയതെന്ന്  കെഎസ്ഐഡിസിയും ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര നടപടി സംസ്ഥാനത്തിന്റെയും യാത്രക്കാരുടെയും താൽപ്പര്യത്തിന് വിരുദ്ധമാണെന്നും വിമാനത്താവള നടത്തിപ്പിനായി മത്സരാധിഷ്ഠിത ടെൻഡർ സമർപ്പിക്കാൻ കെഎസ്ഐഡിസിക്ക് കഴിയുമായിരുന്നില്ലെന്നും കെഎസ്ഐഡിസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *