തളരില്ല പോരാട്ടം തുടരുമെന്ന് കെ.കെ.രാഗേഷ് എം.പി

Share

കണ്ണൂർ: തളരില്ല പോരാട്ടം തുടരുമെന്ന് കെ.കെ. രാഗേഷ് എം.പി.രാജ്യമാകെ അലയടിച്ചുയരുന്ന കർഷക ബിൽ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചാണ് രാഗേഷ് കേന്ദ്ര സർക്കാരിനെതിരെ ഫെയ്സ് ബുക്ക് പേജിൽ ആഞ്ഞടിച്ചത് ‘സസ്‌പെന്‍ഷനിലൂടെ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ കരുതുന്നതെങ്കില്‍  നിങ്ങള്‍ മൂഢ സ്വര്‍ഗ്ഗത്തിലാണെന്ന് കെകെ രാഗേഷ് മുന്നറിയിപ്പു നൽകി. 

പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ജനാധിപത്യ വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്ന  നീക്കങ്ങള്‍ സുഗമമായി നടത്തികൊണ്ട് പോകാമെന്ന് ധരിക്കരുത്. ഈ പോരാട്ടങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല. കാര്‍ഷിക മേഖലയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്ന് പടിയിറക്കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിട്ടുള്ളത്. അത് രാജ്യത്തിലെ കര്‍ഷകരുടെ മരണ മണി മുഴക്കുന്ന നിയമമാണ്.രാജ്യത്തെ കാര്‍ഷിക മേഖലയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരായിട്ടാണ് ഞാനുള്‍പ്പെടെയുള്ള പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധിച്ചത്.

ഓര്‍ഡിനന്‍സുകള്‍ക്കെതിരെയുള്ള നിരാകരണ പ്രമേയവും ഇന്നലെ അവതരിപ്പിക്കയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന ഭരണപക്ഷത്തിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം നല്‍കുമ്പോള്‍  അതിനെ പാര്‍ലമെന്റില്‍ നിരാകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശമാണ് നിരാകരണ പ്രമേയം അവതരിപ്പിക്കാനുള്ള അനുമതിയിലൂടെ ലഭിച്ചത്.

പിന്നീട് ചര്‍ച്ചക്ക് ശേഷം വോട്ടിംഗിലേക്ക് കടന്നപ്പോള്‍ ഏറ്റവും ആദ്യം വോട്ടിംഗ് നടക്കേണ്ടത് നിരാകരണ പ്രമേയത്തിന്‍മേലാണ്. വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോള്‍ വോട്ടെടുപ്പിലേക്ക് കടക്കാതെ ശബ്ദ വോട്ടോടെ നിരാകരണ പ്രമേയം തള്ളിയതായി ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഖ്യാപിക്കുകയാണുണ്ടായത്. അതിന് ശേഷം ഈ കര്‍ഷക ദ്രോഹ ബില്ല് സെലക്ട് കമ്മിറ്റിയുടെ സ്‌ക്രൂട്ടിനിക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ പ്രമേയ അവതരണത്തിന് നിഷേധിക്കുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *