ഡൽഹിയെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

Share

ഷാർജ: ചാമ്പ്യൻമാരുടെ കളി കെട്ടഴിച്ചുവിട്ട് മുംബെ ഇൻഡ്യൻസിൻ്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. ഐപിഎൽ ക്രിക്കറ്റിലെ ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റണ്ണിന്‌ തകർത്ത്‌ മുംബൈ ഇന്ത്യൻസ്‌ വീണ്ടും ഫൈനലിൽ.

അഞ്ചാംകിരീടം ലക്ഷ്യമിടുന്ന മുബൈയുടെ ആറാം ഫൈനലാണിത്‌. സ്‌കോർ: മുംബൈ 5–-200, ഡൽഹി 8–-143,
ബാറ്റിൽ ഇഷാൻ കിഷനും (30 പന്തിൽ 55*) ഹാർദിക്‌ പാണ്ഡ്യയും (14 പന്തിൽ 37*) സൂര്യകുമാർ യാദവും (38 പന്തിൽ 51 റൺ) തിളങ്ങിയപ്പോൾ പന്തുകൊണ്ട്‌ ജസ്‌പ്രീത്‌ ബുമ്രയും (നാല്‌ ഓവറിൽ 14 റൺ നാല്‌ വിക്കറ്റ്‌) ട്രെന്റ്‌ ബോൾട്ടും (രണ്ട്‌ ഓവറിൽ ഒമ്പത്‌ റൺ രണ്ട്‌ വിക്കറ്റ്‌) വിരുന്നൊരുക്കി. ജയിക്കാൻ 201 റൺ വേണ്ടിയിരുന്ന ഡൽഹിക്ക്‌ റണ്ണെടുക്കുംമുമ്പെ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ടു.

പ്രിഥ്വിഷായും ശിഖർ ധവാനും അജിൻക്യ രഹാനെയും റണ്ണെടുക്കാതെ മടങ്ങിയപ്പോൾത്തന്നെ തോൽവി ഉറപ്പായി. 46 പന്തിൽ 65 റണ്ണെടുത്ത മാർകസ്‌ സ്‌റ്റോയിനിസാണ്‌ ഏക ആശ്വാസം. അക്‌സർ പട്ടേൽ 42 റൺ നേടി. ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർക്കും (12) ഋഷഭ്‌ പന്തിനും (3) പിന്തുണ നൽകാനായില്ല.

ആറാം വിക്കറ്റിൽ ഇഷാൻ കിഷനും ഹാർദിക്‌ പാണ്ഡ്യയും  23 പന്തിൽ 60 റണ്ണടിച്ചതാണ്‌ മുംബൈയെ ഇരുനൂറിൽ എത്തിച്ചത്‌. അവസാന മൂന്ന്‌ ഓവറിൽ 55 റൺ. ഇഷാന്റെ അർധസെഞ്ചുറിയിൽ  നാല്‌ ഫോറും മൂന്ന്‌ സിക്‌സറും. ഹാർദിക്‌ പാണ്ഡ്യയുടെ 37ൽ അഞ്ച്‌ സിക്‌സർ. ക്യാപ്‌റ്റൻ രോഹിത്‌ ശർമ ആദ്യപന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി. ക്വിന്റൺ ഡീ കോക്കിന്‌ 40 റണ്ണുണ്ട്‌. ആർ അശ്വിൻ മൂന്നു വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *