ഡൽഹിക്കു മുൻപിലും വീണു:
ധോണിപ്പടയ്ക്ക് വീണ്ടും തോൽവി

Share

ദുബായ്: ഐ.പി.എല്ലിൽ ധോണിപ്പടയ്ക്കു വീണ്ടും തോൽവി. ഇക്കുറി താരതമ്യേന ദുർബലരായ ഡൽഹിക്കു മുൻപിലാണ്  ചെന്നൈ വീണത്. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു കൂട്ടം ആളുകളെപ്പോലെയാണ് ധോണിയും സംഘവും കളിക്കളത്തിൽ പെരുമാറിയത്.

പൃഥ്വി ഷായുടെ തകർപ്പൻ അരസെഞ്ചുറിയുടെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസ്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ 175 റണ്ണെടുത്തിരുന്നു.. നാൽപ്പത്തിമൂന്ന്‌ പന്തിൽ 64 റണ്ണാണ്‌ പൃഥ്വി അടിച്ചെടുത്തത്‌. ഒരു സിക്‌സറും ഒമ്പത്‌ ഫോറും ഈ വലംകൈയൻ ബാറ്റ്‌സ്‌മാന്റെ ഇന്നിങ്‌സിൽ ഉൾപ്പെട്ടു.

ഇന്നിങ്‌സിലെ രണ്ടാം പന്തിൽത്തന്നെ പൃഥ്വി പുറത്താവേണ്ടതായിരുന്നു. ദീപക്‌ ചഹാറിന്റെ പന്ത്‌ ബാറ്റിൽ തട്ടി വിക്കറ്റ്‌ കീപ്പർ മഹേന്ദ്ര സിങ്‌ ധോണിയുടെ കൈകളിൽ എത്തിയെങ്കിലും ആരും അപ്പീൽ ചെയ്‌തില്ല. റീപ്ലേയിൽ ബാറ്റിൽ തട്ടിയെന്ന്‌ കൃത്യമായി തെളിഞ്ഞു. ജീവൻ നീട്ടിക്കിട്ടിയ ഡൽഹി ഓപ്പണർ പിന്നെ തകർത്തടിച്ചു. ആദ്യ വിക്കറ്റിൽ ശിഖർ ധവാനുമായി ചേർന്ന്‌ 94 റൺ കൂട്ടിച്ചേർത്തു. ധവാൻ 27 പന്തിൽ 35 റണ്ണെടുത്ത്‌ പുറത്തായി.

പൃഥ്വിയെ പീയുഷ്‌ ചൗളയുടെ പന്തിൽ ധോണി സ്‌റ്റമ്പ്‌ ചെയ്‌ത്‌ മടക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഋഷഭ്‌ പന്താണ്‌ ഡൽഹി സ്‌കോർ 170 കടത്തിയത്‌. 25 പന്തിൽ 37 റണ്ണുമായി ഈ ഇടംകൈയൻ പുറത്താകാതെനിന്നു. അഞ്ച്‌  ഫോറുകളായിരുന്നു ഇന്നിങ്‌സിൽ. ക്യാപ്റ്റൻ ശ്രേയസ്‌ അയ്യർ 22 പന്തിൽ 26 റണ്ണെടുത്ത്‌ പുറത്തായി. ചെന്നൈക്കുവേണ്ടി പീയുഷ്‌ ചൗള രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി. സാം കറൻ നാലോവറിൽ 27 റൺ മാത്രം വഴങ്ങി ഒരു  വിക്കറ്റെടുത്തു.

ഇന്ന്‌ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും സൺറൈസേഴ്‌സ്‌ ഹൈദരാബാദും ഏറ്റുമുട്ടും. ഇരു ടീമുകളും ആദ്യ കളി തോറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *