ജി.എസ്.ടി നഷ്ട പരിഹാരം: കേരളത്തിന് ലഭിച്ചത് 915 കോടി മാത്രം

Share

കൊച്ചി:ജിഎസ്‌ടി നഷ്‌ടപരിഹാരമായി സെപ്‌തംബർവരെ കേരളത്തിന്‌ ലഭിക്കേണ്ടത്‌‌ 8506 കോടി രൂപ.

കേന്ദ്ര ധനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിലൂടെ ലഭിച്ചത്‌ 915 കോടിയും. നഷ്‌ടപരിഹാര വിതരണത്തിനായി പിരിച്ച സെസിൽനിന്ന്‌ കേന്ദ്ര ഫണ്ടിലേക്കുമാറ്റിയ 20,000 കോടി രൂപ സംസ്ഥാനങ്ങൾക്ക്‌ നൽകാനുണ്ടായിരുന്നു. ഇതാണ്‌ തിങ്കളാഴ്‌ച രാത്രി സംസ്ഥാനങ്ങൾക്ക്‌ അനുവദിച്ചത്‌.

അന്തർസംസ്ഥാന ജിഎസ്‌ടി (ഐജിഎസ്‌ടി)യിൽനിന്ന്‌ സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്യേണ്ട 24,000 കോടി രൂപ കേന്ദ്ര ഫണ്ടിലുണ്ട്‌. ഇതിൽ 843 കോടി കേരളത്തിന്‌ അർഹതപ്പെട്ടതാണ്‌. തുക വിതരണം ചെയ്യുമെന്ന്‌ കേന്ദ്ര ധനമന്ത്രി തിങ്കളാഴ്‌ച ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ പറഞ്ഞു. എന്ന്‌ ലഭ്യമാക്കുമെന്ന്‌ വ്യക്തമാക്കിയിട്ടില്ല.

നഷ്‌ടപരിഹാരമായാലും കടമെടുക്കലായാലും 20,000 കോടിയോളം രൂപയുടെ അർഹത കേരളത്തിനുണ്ട്‌. കോവിഡ്‌ പശ്ചാത്തലത്തിലെ വരുമാന ഇടവിലും അധിക ബാധ്യതകളിലും സംസ്ഥാനത്തിന്‌ ഈ തുക അത്യാവശ്യവുമാണ്‌. 12ന്‌ ചേരുന്ന ജിഎസ്‌ടി കൗൺസിലെ തീരുമാനങ്ങൾക്കനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ തീർപ്പുണ്ടാകുക.

സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള രണ്ടുശതമാനം അധിക വായ്‌പയിൽ അര ശതമാനംമാത്രമാണ് ഉപാധിരഹിതമാക്കിയത്‌. ഇത് ഒരു ശതമാനമാക്കാമെന്ന്‌ കഴിഞ്ഞദിവസം കൗൺസിൽ യോഗത്തിൽ കേന്ദ്രം സമ്മതിച്ചു.

ജിഎസ്‌ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക്‌ ലഭിക്കേണ്ട 2.3 ലക്ഷം കോടി രൂപയിൽ 1.1 ലക്ഷം കോടി സംസ്ഥാനങ്ങൾ വായ്പയെടുക്കാൻ തയ്യാറായാൽ മാത്രമാണീ സൗകര്യം. നഷ്ടപരിഹാരത്തുകയിൽ പകുതി പിന്നീടേ ലഭിക്കൂ. പകുതിക്ക്‌ സംസ്ഥാനങ്ങൾ വായ്‌പയെടുക്കണം. ഇത്‌ അംഗീകരിക്കുന്നതിന്‌ ചില പ്രശ്‌നങ്ങളിൽ തീർപ്പുണ്ടാകണമെന്ന്‌ അറിയിച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *