ജയം ശീലമാക്കി ഡൽഹി

Share

ദുബൈ:മൂർച്ചയുള്ള ബൗളർമാർക്ക്‌ ഉശിരൻ ഫീൽഡർമാർ തുണയായപ്പോൾ ഡൽഹി ക്യാപിറ്റൽസിന്‌ ഉജ്വല വിജയം. ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെ 46 റണ്ണിന്‌ തോൽപ്പിച്ച്‌ ഡൽഹി ഒന്നാമതെത്തി. ആറു കളിയിൽ അഞ്ചു ജയം. രാജസ്ഥാന്‌ നാല്‌ തോൽവി. സ്‌കോർ: ഡൽഹി 8–-184, രാജസ്ഥാൻ 138.

ഡൽഹി ബൗളിങ്ങിനുമുന്നിൽ രാഹുൽ ടെവാട്ടിയയും (38) ഓപ്പണർ യശസ്വി ജയ്‌സ്വാളും (34) മാത്രമാണ്‌ പിടിച്ചുനിന്നത്‌. സ്‌റ്റീവ്‌ സ്‌മിത്ത്‌ 24 റണ്ണെടുത്തു. സഞ്‌ജു സാംസൺ ഒമ്പതു പന്തിൽ അഞ്ചു റണ്ണെടുത്ത്‌ പുറത്തായി. ഡൽഹിക്കായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർകസ്‌ സ്‌റ്റോയിനിസ്‌ 39 റണ്ണും രണ്ട്‌ വിക്കറ്റും നേടി. വെസ്‌റ്റിൻഡീസ്‌ താരം ഷിമ്രോൺ ഹെറ്റ്‌മെയർ 24 പന്തിൽ 45 റണ്ണെടുത്തു. ഒപ്പം മൂന്നു തകർപ്പൻ ക്യാച്ചുകളും. കഗീസോ റബാദ മൂന്ന്‌ വിക്കറ്റെടുത്തു. ആർ അശ്വിന്‌ രണ്ട്‌ വിക്കറ്റുണ്ട്‌.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ ഇറങ്ങിയ ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ജോഫ്ര ആർച്ചെർ രണ്ടാം ഓവറിൽ ശിഖർ ധവാനെയും (5) അഞ്ചാം ഓവറിൽ പൃഥ്വി ഷായെയും (19) വീഴ്‌ത്തി.  ശ്രേയസ്‌ അയ്യരും (22) ഋഷഭ്‌ പന്തും (5) റണ്ണൗട്ടായി. ഹർഷൽ പട്ടേലും (17) അക്‌സർ പട്ടേലും (17) സ്‌കോർ ഇരുനൂറിന്‌ അടുപ്പിച്ചു. ആർച്ചെർക്ക്‌ മൂന്ന്‌ വിക്കറ്റുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *