ജന്മഭൂമി എം ഡി അവധിയിൽ

Share

കൊച്ചി:ആർ എസ് എസ് പത്രമായ ജന്മഭൂമിയുടെ വിവാദത്തിൽ പെട്ട എം ഡി എം രാധാകൃഷ്ണൻ ദീർഘകാല അവധിയിൽ പ്രവേശിച്ചു.കേരള പ്രാന്ത കാര്യവാഹ് അഥവാ സംസ്ഥാന സെക്രട്ടറി ആകേണ്ടിയിരുന്ന അദ്ദേഹത്തെ കേരളവും തമിഴ്‌നാടും ചേര്‍ന്ന ദക്ഷിണ ക്ഷേത്ര സഹ കാര്യവാഹ് ആയി ഒതുക്കിയിരുന്നു.ആ സ്ഥാനമേൽക്കുന്ന മുറയ്ക്ക് എം ഡി സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു.

സംഘടനയിൽ ഇങ്ങനെ അവധി പതിവല്ല.അവധി എടുക്കുമ്പോൾ ഒരാൾക്ക് പകരം ചുമതല നൽകേണ്ടി വരും.ആ സ്ഥാനത്ത് തനിക്ക് കൂടി വേണ്ടപ്പെട്ടയാളെ അവരോധിക്കാനുള്ള തന്ത്രമാണോ ഇതെന്ന് സ്വയം സേവകർ സംശയിക്കുന്നു.പത്രത്തിൻറെ സർക്കുലേഷൻ മാനേജർ ടി വി പ്രസാദ് ബാബുവിനെ രാധാകൃഷ്ണൻ മുൻപ് വഹിച്ചിരുന്ന പ്രാന്ത സഹകാര്യവാഹ്‌ സ്ഥാനത്തേക്ക് ബംഗളൂരുവിൽ ചേർന്ന ദേശീയ പ്രതിനിധി സഭ ഉയർത്തിയിരുന്നു.

രണ്ടാഴ്ച മുൻപ്  കോട്ടയം ജന്മഭൂമിയിൽ എം രാധാകൃഷ്ണൻ,ജനറൽ മാനേജർ,ഡെപ്യൂട്ടി ജനറൽ മാനേജർ,തിരുവല്ല മാനേജർ,രണ്ട് പരസ്യ മാനേജർമാർ എന്നിവർ യോഗം ചേർന്നിരുന്നു.ജനറൽ മാനേജർ ,പൊതുവെ ഇപ്പോൾ ഓഫിസിൽ എത്തുന്നില്ല.അദ്ദേഹത്തിനായി യൂണിറ്റുകളിൽ തയാറാക്കിയ ശീതീകരിച്ച മുറികൾ അനാഥമാണ്.

കെ പി യോഹന്നാനുമായി പത്രത്തിനുണ്ടായ ദീർഘകാല ഇടപാടാണ് വിവാദം ഉയർത്തിയത്.ജന്മഭൂമി പ്രവർത്തനത്തിൽ സംഘടനാ മൂല്യങ്ങൾ ബലി കഴിച്ചു എന്നാണ് സംഘടനയുടെ വിലയിരുത്തൽ.രാധാകൃഷ്ണൻ  ചുമതലയേറ്റ വർഷം മുതൽ കെ പി യോഹന്നാനും പത്രവുമായി ബന്ധം തുടങ്ങുകയും അത് ഈ വർഷം യോഹാന്നാൻ 6000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ആദായ നികുതി റെയ്‌ഡിന് വിധേയനായപ്പോൾ വിവാദമാവുകയും ചെയ്തു.ശബരിമല വിഷയത്തിൽ ഹിന്ദുക്കൾക്കെതിരായ നിലപാടാണ് പത്രം സ്വീകരിച്ചത്;പത്രം ആദ്യം നൽകിയ ചലച്ചിത്ര പുരസ്കാരം ഒരു മാർക്സിസ്റ്റ് സിനിമയ്‌ക്കായിരുന്നു.

നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന പത്രത്തിൽ,ജനറൽ മാനേജരുടെ ഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിച്ചെന്നും ആരോപണം ഉയർന്നു.പ്രമുഖ പത്ര പ്രവർത്തകരെ ക്ഷണിച്ചു കൊണ്ട് പോയി അപമാനിക്കുകയും ചെയ്തു.കൂനിന്മേൽ കുരു പോലെയാണ്,തൃശൂരിൽ പത്രം സ്ഥാനാർത്ഥിയെ ‘കൊന്നത്’.ഏതാനും മാസങ്ങൾ ചീഫ് എഡിറ്ററായിരുന്ന പ്രമുഖ പത്രപ്രവർത്തകൻ അപകടത്തെപ്പറ്റി നൽകിയ മുന്നറിവുകൾ ഒന്നും എം ഡി ചെവിക്കൊണ്ടില്ല എന്നാണ് ആരോപണം.എം ഡി സഹോദരനെ കുടിയിരുത്താൻ ഒരു യൂണിറ്റ്‌ തന്നെയുണ്ടാക്കി എന്നും ആരോപണമുണ്ട്.

കേരള പ്രാന്ത സഹകാര്യവാഹ് ആയിരുന്ന  എം. രാധാകൃഷ്ണന്‍ കൊല്ലം പുത്തൂര്‍ സ്വദേശിയാണ്. താലൂക്ക്, ജില്ല, വിഭാഗ്, പ്രാന്തതലങ്ങളിലായി 20 വര്‍ഷം പ്രചാരകനായിരുന്നു. പ്രാന്ത സഹസേവാപ്രമുഖ്, പ്രാന്ത കാര്യകാരി സദസ്യന്‍ എന്നീ  ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *