ജന്മനാട്ടിലെ 33 ആശുപത്രികള്‍ റസൂല്‍ പൂക്കുട്ടി ആധുനികവത്ക്കരിക്കുന്നു

Share

തിരുവനന്തപുരം: കൊല്ലം അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ ആധുനികവത്ക്കരിക്കുന്നു. 28 സബ് സെന്ററുകള്‍, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 1 സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയാണ് ആധുനികവത്ക്കരിച്ച് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഈ ആരോഗ്യ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയും നാട്ടുകാര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച എം.ഒ.യു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയും റസൂല്‍ പൂക്കുട്ടിയും ഒപ്പുവച്ചു.

അന്തര്‍ദേശീയ രംഗത്തെ പ്രമുഖ മലയാളികള്‍ ഇതുപോലെ ആരോഗ്യ സ്ഥാപനങ്ങളെ അധുനികമാക്കാന്‍ മുന്നോട്ട് വരുന്നത് മാതൃകാപരമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഗ്രാമീണ തലത്തില്‍ തന്നെ ആശുപത്രികളില്‍ വലിയ സൗകര്യം വരുന്നത് ജങ്ങള്‍ക്ക് ഏറെ സഹായകരമാണ്. കേരള ജനത ഇവരോടുള്ള നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിപാലന സംവിധാനവും ഗ്രാമീണ മേഖലയിലെ ദരിദ്രരായ കുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യവും ഒരുക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. നേരത്തെ ഡയബറ്റിക്‌സ് കണ്ടുപിടിച്ച് ചികിത്സിച്ചിരുന്നെങ്കില്‍ 63-ാം വയസില്‍ തന്റെ മാതാവിനെ നഷ്ടമാവില്ലായിരുന്നു.

ആ ഒരു വേദനയാണ് തന്റെ ഗ്രാമത്തില്‍ ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്. താന്‍ പഠിച്ചത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ്. 10 വയസുള്ളപ്പോള്‍ മരണക്കയത്തില്‍ നിന്നും തന്നെ രക്ഷിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ്. അതിനാല്‍ തന്നെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ തീരുമാനിച്ചതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *